അൻവർ വിഷയം കോണ്‍ഗ്രസ്  'സോൾവ് ' ചെയ്യണമെന്ന് ലീഗ് നേതൃത്വം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആസ്വാരസ്യങ്ങൾ ഒഴിവാക്കണം. അൻവറുമായി ബന്ധപ്പെട്ട തർക്കങ്ങളും വിവാദങ്ങളും ഉപതിരഞ്ഞെടുപ്പിൽ ദോഷമുണ്ടാക്കും. പ്രശ്നപരിഹാരത്തിന് കോൺഗ്രസ് നേതൃത്വം മുൻകയ്യെടുക്കണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. ആര്യാടൻ  ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച ശേഷം അൻവർ ഉയർത്തിയ വിവാദങ്ങളിൽ കോൺഗ്രസിന്റെ ഭാഗത്ത് വീഴ്ചയില്ലെന്നും ലീഗ് വിലയിരുത്തി. 

നിലമ്പൂരില്‍ പി.വി അന്‍വറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്നങ്ങള്‍ ഇനിയും രമ്യതയിലെത്തിയിട്ടില്ല. നിലപാട് വ്യക്തമാക്കാതെയും  വി.ഡി.സതീശനെതിരെ തുറന്നടിച്ചും പി.വി.അന്‍വര്‍ ബുധനാഴ്ച രംഗത്തെത്തി. സഹകരണകക്ഷിയാകാന്‍ സമ്മതിച്ചിട്ടും യു.ഡി.എഫ്. പ്രഖ്യാപനം നടത്തിയില്ലെന്നാണ് അന്‍വര്‍ ആരോപിച്ചത്. പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ കാലുപിടിക്കുമ്പോള്‍ തന്‍റെ മുഖത്തുചവിട്ടുകയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷനേതാവിനെ അന്‍വര്‍ വിമര്‍ശിച്ചു. 

യു ഡി എഫ് നേതൃത്വത്തെയാണ് അൻവർ കടന്നാക്രമിച്ചതെങ്കിലു ഉന്നം വി ഡി സതീശനായിരുന്നു. സതീശനാണ് മുന്നണി പ്രവേശനം തടയുന്നതിന് പിന്നിലെന്ന് വ്യക്തമാക്കാൻ അൻവർ ഉപയോഗിച്ചത് കെ സുധാകരൻ്റെയും രമേശ് ചെന്നിത്തലയുടെയും പിന്തുണ തനിക്കുണ്ടെന്ന് വ്യക്തമാക്കിയാണ്. യു ഡി എഫിലെ അസോഷ്യേറ്റ് അംഗമാക്കാമെന്ന് കഴിഞ്ഞ 15 ന് വി ഡി സതീശൻ സമ്മതിച്ചിരുന്നുവെന്ന് പറഞ്ഞ അൻവർ, വസ്ത്രാക്ഷേപം നടത്തി തൻ്റെ മുഖത്ത് നേതൃത്വം ചെളി വാരി എറിഞ്ഞെന്നും ആരോപിച്ചു.

കെ.സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ചയിലാണ് ഇനി പ്രതീക്ഷയെന്ന് അന്‍വര്‍ പറഞ്ഞെങ്കിലും ബുധനാഴ്ച കൂടിക്കാഴ്ച നടന്നില്ല. ഉച്ചതിരിഞ്ഞ് കെ.സി.വേണുഗോപാല്‍ കോഴിക്കോട്ടെത്തിയതിന് പിന്നാലെ അന്‍വര്‍ കോഴിക്കോട്ടേക്ക് പോയതും  കൂടിക്കാഴ്ച സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് ആക്കംകൂട്ടി.  വൈകുന്നേരം കെ.സി.വേണുഗോപാല്‍ ഡല്‍ഹിക്ക് മടങ്ങി. അന്‍വറുമായുള്ള കൂടിക്കാഴ്ച ഭാവനാസൃഷ്ടി മാത്രമാണെന്ന്  കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. കേരളത്തിലെ കൊള്ളാവുന്ന നേതൃത്വം വിഷയം ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

The Indian Union Muslim League (IUML) has urged the Congress leadership to resolve internal disputes related to Anvar, emphasizing the need to avoid controversies that could harm the party’s prospects in the upcoming Nilambur bypoll. The League stressed that Congress must take the initiative to prevent factional issues from affecting the campaign, especially after Aryadan Shoukath was announced as the candidate.