ഇടുക്കിയിൽ അസാധാരണ മഴ. നാലുദിവസത്തിനുള്ളില്‍ പെയ്തത് 266.3 മില്ലി മീറ്റര്‍ മഴയാണ്. സാധാരണ ലഭിക്കുന്നതിനേക്കാള്‍ 620 ശതമാനം കൂടുതല്‍ മഴയാണ് ലഭിച്ചത്. വിവിധയിടങ്ങളിൽ മണ്ണും മരവും വീണ് ഗതാഗതം തടസപ്പെട്ടു. ജില്ലയിൽ ഇതുവരെ അഞ്ച് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം മുതൽ വളറ വരെയുള്ള ഭാഗത്ത് കൂടി സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. ശക്തമായ കാറ്റിനെ തുടർന്ന് മരം വീഴാൻ സാധ്യതയുള്ളതിനാൽ തൊഴിലുറപ്പ്, തോട്ടം പണി എന്നിവ നിരോധിച്ചു. നാളെ വരെയാണ് നിരോധനം. റെഡ് അലർട്ട് തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയെന്നാണ് മുന്നറിയിപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.
ശനിയാഴ്ച മഴക്ക് ശമനമുണ്ടായേക്കും. മഴയ്ക്കൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കള്ളക്കടല്‍ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രിവരെ ഉയര്‍ന്ന തിരമാലക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രവും അറിയിച്ചു.
കനത്തെ മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍,ട്യൂഷന്‍ സെന്‍ററുകള്‍,മദ്രസകള്‍ എന്നിവയ്ക്ക് അവധി ബാധകമാണ്. ഇടുക്കിയില്‍ ഇന്നും നാളെയും പുറം ജോലികള്‍ നിരോധിച്ചിട്ടുണ്ട്. തൊഴിലുറപ്പ്, തോട്ടം മേഖല ജോലികള്‍ ഉള്‍പ്പെടെയാണ് നിരോധിച്ചത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും. എറണാകുളം ജില്ലയില്‍ ഡിടിപിസിയുടെയും ടൂറിസം വകുപ്പിന്‍റെയും കീഴിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിട്ടു. തുറസ്സായ സ്ഥലങ്ങളിലെ ടൂറിസം പരിപാടികള്‍ നിര്‍ത്തിവച്ചു.
ആലപ്പുഴയിൽ ഇടവിട്ട് ശക്തമായ മഴയാണ്. കിഴക്കൻ മലയോരത്ത് നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമായതോടെ കുട്ടനാട്ടിൽ ജലനിരപ്പ് അപകട നിലയോളമെത്തി. പാടശേഖരങ്ങൾക്ക് മടവീഴ്ച ഭീഷണിയുണ്ട്. കാവാലം, കൈനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിൽ വിവിധ റോഡുകളിൽ ചിലയിടത്ത് വെള്ളം കയറി. കാവാലം തട്ടാശേരി - മൂർത്തി നടറോഡ് വെള്ളത്തിൽ മുങ്ങി. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ആലപ്പുഴ ജില്ലയിൽ ഇതുവരെ 419 വീടുകൾ ഭാഗികമായും 11 വീടുകൾ പൂർണ്ണമായും തകർന്നു.
ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിലാണ് നാശനഷ്ടം കൂടുതൽ. കടലിലേക്ക് വെള്ളമൊഴുക്കുന്ന തോട്ടപ്പള്ളി പൊഴി മുഖത്ത് നിന്ന് പൂർണതോതിൽ മണ്ണു നീക്കാത്തതിനാൽ പുറക്കാട് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും, അപ്പർ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലും വീടുകളിൽ വെള്ളം കയറി. കാവാലം മംഗലം മാണിക്യമംഗലം, കൈനകരിയിലെ ആറ്പങ്ക് പാടശേഖരങ്ങളിൽ മടവീഴ്ചയുണ്ടായി. കുത്തിയതോട് KSEB സെക്ഷൻ ഓഫീസ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നാലു ദിവസമായി വൈദ്യുതിയില്ല.