ഉരുളെടുത്ത ദുരന്തഭൂമിയിലേക്ക് വീണ്ടും തിരിച്ചേത്തേണ്ടി വരുമോ എന്ന ഭയപ്പാടിലാണ് വയനാട് ചൂരല്‍മല പടവെട്ടിക്കുന്നിലെ കുടുംബങ്ങള്‍. ദുരന്തഭൂമിയോട് ചേര്‍ന്ന പ്രദേശം വാസയോഗ്യമെന്ന് കണ്ടെത്തിയ വിദഗ്‍ധസമിതി റിപ്പോര്‍ട്ടാണ് ഈ പാവങ്ങള്‍ക്ക് തിരിച്ചടിയായത്.
ഒരൊറ്റ രാത്രികൊണ്ട് മനുഷ്യരെല്ലാം ഒലിച്ചുപോയ ഇടം. ഉരുളിന്‍റെ താണ്ഡവം അന്ന് പടവെട്ടിക്കുന്നിലെ കുടുംബങ്ങളെ വെറുതേവിട്ടു. ചൂരല്‍മല സ്കൂള്‍ റോഡില്‍ നിന്ന് ഇവിടേയ്ക്ക് ഒന്നര കീലോമീറ്റര്‍ ദൂരം വരും. 27 കുടുംബങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ദുരന്തത്തിന് ശേഷം ഇവരെല്ലാം പലയിടത്തായി വാടകവീടുകളിലേക്ക് മാറി. പക്ഷേ ഇവര്‍ക്ക് കെണി വീണത് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലാണ്. ഈ പ്രദേശം വാസയോഗ്യമെന്നായിരുന്നു സമിതിയുടെ കണ്ടെത്തല്‍. ഉരുള്‍ ഗതിമാറ്റിയ പുന്നപ്പുഴയോട് ചേര്‍ന്ന ഈ റോഡ് നന്നാക്കിയാല്‍ ഇവര്‍ക്ക് ഈ ദുരന്തഭൂമിയിലേക്ക് തിരിച്ചുവരേണ്ടി വരും.
തിരിച്ചുവന്നാലും വന്യമൃഗങ്ങളെ പേടിച്ച് ഒറ്റപ്പെട്ട് താമസിക്കണം. ഇനിയൊരു ദുരന്തസാധ്യത തള്ളിക്കളയാനുമാകില്ല. ദുരന്തബാധിതരായി കണക്കാക്കി പുതിയ ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുത്തമെന്ന് ഇവര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു.
ഈ റോഡ് നന്നാക്കാനുള്ള തുകയില്‍ കുറവ് മതിയാകും ഇവര്‍ക്ക് വീട് നല്‍കി മാറ്റി പാര്‍പ്പിക്കാന്‍. പക്ഷേ മറ്റ് പല താത്പര്യങ്ങളും സംശയിക്കുന്നുണ്ട്. മരണം കണ്ട് വിറങ്ങലിച്ച ഈ ഭൂമിയില്‍ നിന്ന് മാറാന്‍.. സമരമുഖം തന്നെ ഒരിക്കല്‍ ഇവര്‍ തുറന്നു. സര്‍ക്കാരിന്‍റെ കണ്ണ് തുറക്കാന്‍ ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഇവര്‍ ചോദിക്കുന്നു. മഴയത്ത് വെള്ളം കുത്തിയൊലിക്കുന്ന ഈ പാത കടന്ന് അധികാരികളോട് പടവെട്ടാന്‍ തന്നെയാണ് പടവെട്ടിക്കുന്നുകാരുടെ പുറപ്പാട്.