child-thodupuzha

കൊച്ചിയില്‍ നിന്നും കാണാതായ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കണ്ടെത്തിയ കേസിന്റെ ഗതി മാറുന്നു. തൊടുപുഴ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കൈനോട്ടക്കാരനായ ശശികുമാറും കുട്ടിക്കൊപ്പമുണ്ടായിരുന്നു. ഇയാളാണ് കുട്ടിയെക്കുറിച്ചുള്ള വിവരങ്ങള്‍ കുടുംബത്തെ വിളിച്ച് അറിയിച്ചത്. എന്നാല്‍ കുട്ടിയേയും ശശികുമാറിനേയും വിശദമായി ചോദ്യം ചെയ്തതോടെ കേസില്‍ പോക്സോ വകുപ്പുകളും ചുമത്തി.

സംഭവിച്ചത്...

ഇന്നലെ രാവിലെ 8.50നാണ് കുട്ടിയെ പിതാവ് റീടെസ്റ്റിനായി അല്‍ അമീന്‍ സ്കൂളില്‍ കൊണ്ടുചെന്നുവിട്ടത്. മഴയായത് കാരണം പരീക്ഷ എഴുതിക്കഴിഞ്ഞ കുട്ടിയുടെ ഉത്തരപേപ്പര്‍ വാങ്ങി അധ്യാപിക നേരത്തേ വിട്ടു. പുറത്തിറങ്ങിയ കുട്ടി പക്ഷേ ഉച്ചയ്ക്ക് ഒരു മണിയായിട്ടും വീട്ടിലെത്തിയില്ല. അതോടെ പിതാവ് സ്കൂളില്‍ വിളിച്ചന്വേഷിച്ചു, എന്നാല്‍ പത്തുമണിക്കു മുന്‍പായി കുട്ടി സ്കൂളില്‍ നിന്നും പോയെന്ന് അധികൃതര്‍ അറിയിച്ചു. പിന്നാലെ പിതാവ് എളമക്കര പൊലീസില്‍ പരാതി നല്‍കി.

കൊച്ചിയില്‍ നിന്നും പോയ കുട്ടി വൈകിട്ട് ആറുമണിയോടെയാണ് തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയത്. ഇരുട്ടു വീഴാന്‍ തുടങ്ങിയതോടെ ഭയം തോന്നിയ കുട്ടി അടുത്തുകണ്ട ശശികുമാറിനോട് സഹായം ചോദിച്ചു. തന്നെ തിരിച്ച് വീട്ടിലെത്തിക്കാമോയെന്ന് ചോദിച്ചപ്പോള്‍ ഉറപ്പായും സഹായിക്കാമെന്ന് ശശികുമാര്‍ മറുപടി നല്‍കി. എന്നാല്‍ തൊടുപുഴയിലെ ഇയാളുടെ വീട്ടിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. വീട്ടിലെത്തിയതിനു പിന്നാലെ ശശികുമാറിന്റെ സ്വഭാവവും രീതിയും മാറി. കുഞ്ഞിനെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. പേടിച്ചരണ്ട കുട്ടി ബഹളം വയ്ക്കാന്‍ തുടങ്ങി. ഇതിനിടെയാണ് കുട്ടിയെ കാണാതായ വാര്‍ത്ത ഇയാളുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടനെ പണിയാകുമെന്ന് തോന്നിയതോടെ കുട്ടിയോട് പിതാവിന്റെ നമ്പര്‍ വാങ്ങി വിളിച്ചറിയിച്ചു. തൊടുപുഴ ബസ് സ്റ്റാന്‍ഡിലെത്തിയാല്‍ കുട്ടിയെ കൈമാറാമെന്നും പറഞ്ഞു.

പിതാവും ബന്ധുക്കളും പൊലീസും തൊടുപുഴയിലെത്തി കുട്ടിയെ കണ്ടു. കൂടെയുണ്ടായിരുന്ന ശശികുമാറിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയേയും ഇയാളേയും ചോദ്യം ചെയ്തതോടെ കേസിന്റെ ഗതി മാറി. കുട്ടിയെ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതായി മൊഴി ലഭിച്ചതോടെ പൊലീസ്  പോക്സോ 7,8 വകുപ്പുകള്‍ ചേര്‍ത്ത് കൈനോട്ടക്കാരനെതിരെ കേസെടുത്തു. എളമക്കര പൊലീസെത്തി ഇയാളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തും. 

ENGLISH SUMMARY:

The case of the eighth-grade student who went missing from Kochi is taking a new turn. The child was found at the Thodupuzha bus stand. Sashikumar, a native of Kainatty, was with the child. He was the one who called the family and informed them about the child's whereabouts. However, after detailed questioning of both the child and Sashikumar, POCSO (Protection of Children from Sexual Offences) charges have also been filed in the case.