Kochi: People take a boat ride amid rains, in Kochi, Wednesday, March 12, 2025. (PTI Photo)(PTI03_12_2025_000355A)

Kochi: People take a boat ride amid rains, in Kochi, Wednesday, March 12, 2025. (PTI Photo)(PTI03_12_2025_000355A)

  • കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ,ജില്ലകളില്‍ നാളെ റെഡ് അലര്‍ട്
  • മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലര്‍ട്
  • കണ്ണൂരും കാസര്‍കോടും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തിയാര്‍ജിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ നാളെ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. മറ്റ് എല്ലാജില്ലകളിലും ഓറഞ്ച് അലര്‍ടാണ്. കാസര്‍കോടും കണ്ണൂരും നാളെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയാണ്. വരുന്ന മൂന്ന് മണിക്കൂറില്‍ കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ കനത്ത മഴയ്ക്കും സാധ്യത. 

അതേസമയം, സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും മഴക്കെടുതി തുടരുകയാണ്. പാലക്കാട് അട്ടപ്പാടിയില്‍ പലയിടത്തും മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിക്കുകയും നാശ നഷ്ടമുണ്ടാവുകയും ചെയ്തു. മണ്ണാർക്കാട് കുരുത്തിച്ചാലിൽ അകപ്പെട്ട കയിലിയാട് സ്വദേശി മുബീനിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലത്ത് ശക്തമായ മഴയിൽ  വീടിൻറെ ചുമർ ഇടിഞ്ഞുവീണ് ഓട്ടോറിക്ഷ തകർന്നു. വയനാട്  മാനന്തവാടി താലൂക്കിൽ ഒരു വീട് പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നു. ജില്ലയിൽ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 700 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ മഴ തുടരുന്നുണ്ടെങ്കിലും അപകടങ്ങൾ റിപ്പോര്ട്ട് ചെയ്തിട്ടില്ല. മലപ്പുറത്ത് പലയിടത്തും കനത്ത മഴ തുടരുകയാണ്. എറണാകുളത്ത് കനത്തമഴയ്ക്ക് ശമന‌മുണ്ട്.  ജില്ലയിൽ പലയിടങ്ങളിലും രാവിലെ ചാറ്റൽ മഴ ലഭിച്ചു.

കൊച്ചി കാക്കനാട്ട് ശക്തമായ കാറ്റിൽ മദ്രസയുടെ സീലിങ് ഇടിഞ്ഞുവീണു. ആര്‍ക്കും പരുക്കില്ല. ആലപ്പുഴ ജില്ലയിൽ 380 വീടുകൾ ഭാഗികമായും പത്ത് വീടുകൾ പൂർണ്ണമായും തകർന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ 11 ഇടത്ത് മരം വീണു. കുട്ടനാട്ടിൽ കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ആറുകളിലും തോടുകളിലും ജലനിരപ്പ് ഒന്നര അടിയോളം ഉയർന്നു. തൃശൂരിലും ഇടുക്കിയിലും ചാറ്റൽമഴ തുടരുകയാണ്. തിരുവനന്തപുരത്തെ വാമനപുരം, പത്തനംതിട്ടയിലെ അച്ചന്‍കോവില്‍, മണിമല എന്നീ നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പുണ്ട്. വരും മണിക്കൂറുകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ ആരും നദികളില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

ENGLISH SUMMARY:

The India Meteorological Department has issued a red alert for extremely heavy rainfall in four Kerala districts—Kasaragod, Kannur, Idukki, and Pathanamthitta. Orange alerts are in place across all other districts. Schools in Kasaragod and Kannur will remain closed tomorrow. Heavy rain is expected over the next three hours in Kottayam, Idukki, Ernakulam, Thrissur, and Kozhikode.