എംഡിഎംഎ എന്നുപറഞ്ഞ് കോഴിക്കോട് ഡാൻസാഫ് സംഘം പിടികൂടിയത് കൽക്കണ്ടം. കാസർകോട് സ്വദേശി ബിജു, കണ്ണൂർ സ്വദേശി മണികണ്ഠൻ എന്നിവർ അഞ്ചുമാസം ജയിലിൽ കിടന്നശേഷമാണ് രാസ പരിശോധനാഫലം വന്നത്. വെറുതെ വിട്ടുവെങ്കിലും ജോലി ഇല്ലാതെ, നാട്ടിൽ ഒറ്റപ്പെട്ട് ജീവിക്കുകയാണ് ബിജു. എംഡിഎംഎയാണെന്ന് തെറ്റിദ്ധരിച്ച് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാസപരിശോധനയിൽ മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെയാണ് ഇരുവരും ജയിൽമോചിതരായത്.
കയ്യിലുള്ളത് കല്‍ക്കണ്ടമാണെന്ന് പല തവണ പറഞ്ഞെന്നും പൊലീസോ മജിസ്ട്രേറ്റോ ചെവിക്കൊണ്ടില്ലെന്നും ബിജു പറയുന്നുണ്ട്. പൊലീസ് ചോദിച്ചത് ഒരേയൊരു കാര്യം മാത്രമാണ്, ‘ഇത് എവിടെ നിന്ന് കൊണ്ടുവന്നു? ആര്‍ക്കു കൊടുക്കാന്‍?’ എന്ന് മാത്രം. പിന്നാലെ കൈവിലങ്ങണിയിച്ചു കൊണ്ടുവന്നതായും ബിജു പറയുന്നു. 151 ദിവസമാണ് താന്‍ അകത്തുകിടന്നതെന്നും ബിജു പറഞ്ഞു. ‘എന്‍റെ സങ്കടം ഞാന്‍ ഉള്ളില്‍ കിടന്നതിലല്ല. അമ്മയ്ക്ക് നടക്കാന്‍ പോലും മേല, 75 വയസായി. ഈ 5 മാസം ഒറ്റയ്ക്ക് അമ്മ കിടന്നില്ലേ അതാണെന്‍റെ സങ്കടം’ ബിജു പറയുന്നു.
ബിജുവിന്‍റെ വാക്കുകളിലേക്ക്... ‘എന്‍റെ ഒരു സുഹൃത്ത് മാംഗലാപുരത്താണ് അവന്‍ ജോലി ചെയ്യുന്നത്. അവന്‍റെ വീട്ടിലേക്ക്, കുട്ടികള്‍ക്ക് വേണ്ടി വാങ്ങിയ 100 ഗ്രാം കല്‍ക്കണ്ടം അവന്‍റെ കയ്യിലുണ്ടായിരുന്നു. അതും കയ്യില്‍വച്ച് ചായകുടിക്കാന്‍ പോകുമ്പോള്‍ സാധാരണ വേഷത്തിലുള്ള രണ്ട് പേര്‍ വന്ന് കയ്യില്‍ കയറിപിടിച്ചിട്ടു പറഞ്ഞു, ഞങ്ങള്‍ സ്ക്വാഡ് ആണെന്ന്. കീശയില്‍ എന്താണെന്ന് ചോദിച്ചു. അവര് നോക്കിയപ്പോള്‍ കല്‍ക്കണ്ടം കണ്ടു. ഞാന്‍ പറഞ്ഞു, ഞങ്ങള്‍ ഇന്നലെ രാത്രി കഴിച്ചതിന്‍റെ ബാക്കി കല്‍ക്കണ്ടമാണെന്ന്.... അല്ലെന്ന് പറഞ്ഞ അവര്‍ ഇത് എവിടെ നിന്ന് കൊണ്ടുവന്നു ആര്‍ക്കു കൊടുക്കാന്‍ അതു മാത്രം ചോദിച്ച് കൈ വിലങ്ങുവച്ചു, മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു, നിങ്ങളുടെ കയ്യിലുള്ളത് എംഎഡിഎംഎ ആണെന്ന് പറഞ്ഞു.
അവന്‍ മംഗലാപുരത്ത് നിന്ന് വന്നതുകൊണ്ട് ദൈവമേ ഇനി അതെങ്ങാനും ആണോ എന്ന് സംശയമുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ രാത്രി കഴിച്ചതായിരുന്നു, അതിന് മധുരമായിരുന്നു. ജയില്‍ ചെന്നപ്പോള്‍ കൂട്ടാളികളാണ് പറയുന്നത് എംഡിഎംഎയ്ക്ക് കയ്പ്പാണെന്ന്. മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോള്‍ മജിസ്ട്രേറ്റിനോടും പറഞ്ഞു കല്‍ക്കണ്ടമാണെന്ന്, ഞങ്ങള് പറയുന്നത് കേള്‍ക്കാന്‍ ആരും കൂട്ടാക്കിയില്ല. അങ്ങിനെ 151 ദിവസം ഉള്ളില്‍ കിടക്കേണ്ടി വന്നു. നാട്ടുകാരുടെ മുന്നില്‍ ഞാന്‍ ലഹരി മരുന്നു വില്‍പ്പനക്കാരനായി. ഇന്നലെ ബസില്‍ കയറിയപ്പോള്‍ കൂട്ടുകാരെ കണ്ടു, അവര്‍ തിരിഞ്ഞു നിന്നു. എന്തൊരു അവസ്ഥയാണെന്ന് ആലോചിച്ച് നോക്കൂ. എനിക്ക് സങ്കടം ഉള്ളില്‍ കിടന്നതിനല്ല. അമ്മയ്ക്ക് നടക്കാന്‍ പോലും മേല, 75 വയസായി. ഈ 5 മാസം ഒറ്റയ്ക്ക് അമ്മ കിടന്നില്ലേ അതാണെന്‍റെ സങ്കടം’
നാട്ടിലും പള്ളിയിലും ഒറ്റപ്പെട്ടതായി ബിജുവിന്‍റെ അമ്മയും പറയുന്നു. ബിജുവിനെ ഇനി ഒരുനോക്ക് കാണാന്‍ പോലും സാധിക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായും ആ അമ്മ പറയുന്നു. ‘വളരെ വിഷമമുണ്ടായിരുന്നു. പള്ളിയിലും ഇടവകയിലും ഒറ്റപ്പെട്ടു. പരിചയമുള്ളവരൊക്കെ മുഖത്ത് നോക്കും ഒരു പരിഹാസ ജീവിയെപ്പോലെ, കാണാത്തത് കാണും പോലെ, ആരും സംസാരിക്കാന്‍ വന്നിരുന്നില്ല. ദിവസം കഴിയുന്തോറും പേടിയായിരുന്നു. പത്ത് വര്‍ഷം ശിക്ഷ എന്നെല്ലാം പറഞ്ഞപ്പോള്‍. ഇനി കാണാന്‍ ഒക്കുമോ എന്ന പേടിയുണ്ടായിരുന്നു’ അമ്മ പറയുന്നു.