സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. പാലക്കാട് തോട്ടില്‍ മീന്‍പിടിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കാലവര്‍ഷക്കെടുതിയില്‍ മരണം 16 ആയി. വിവിധ ജില്ലകളില്‍ വീടുകള്‍ക്ക് മുകളില്‍ മരംവീണു. ഒരു കുട്ടി ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു. എറണാകുളം കോതമംഗലത്തും പാലക്കാട് അട്ടപ്പാടിയിലും ശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടം.
<സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍പിടിക്കുന്നതിനിടെ പാലക്കാട് തകേങ്കുറുശ്ശിയില്‍ 44 കാരനായ യുവാവ് ഒഴുക്കില്‍പ്പെട്ടത്. രമേശിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. കോതമംഗലം പിടവൂരിലും കോട്ടപ്പടിയിലും മരങ്ങള്‍ വീണ് വീടുകള്‍ തകര്‍ന്നു. ചെമ്പന്‍കുഴിയില്‍ ഒാട്ടോയ്ക്ക് മുകളില്‍ മരം വീണ് യാത്രക്കാര്‍ക്ക് പരുക്കേറ്റു.
ശക്തമായ കാറ്റില്‍ ചേലാട്, പഴങ്ങര, നെല്ലിമറ്റം, ചെമ്പന്‍കുഴി, അയ്യപ്പന്‍ മുടി ഭാഗങ്ങളില്‍ വന്‍ നാശനഷ്ടം
മരങ്ങള്‍ വൈദ്യുതി കമ്പിയില്‍ വീണതിനാല്‍ പ്രദേശത്ത് വൈദ്യുതി മുടങ്ങി. മരംവീണ് പാലക്കാട് അട്ടപ്പാടി നക്കുപ്പതിയില്‍ സണ്ണി, കൊഴിഞ്ഞാമ്പാറ കല്യാണി എന്നിവരുടെ വീടുകള്‍ തകര്‍ന്നു. പത്തനംതിട്ട മുതുപേഴുങ്കലില്‍ രവികുമാറിന്‍റെ വീട്ടില്‍ മരം വീണ് അടുക്കള തകര്‍ന്നു. കണ്ണൂര്‍ തളിപ്പറമ്പ് ചവനപ്പുഴയില്‍ മരംവീണ് വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നു. ഒാട് പൊട്ടിവീണ് ഒന്‍പതുവയസുകാരി ദേവതീര്‍ഥയ്ക്ക് പരുക്കേറ്റു. ചെറുപുഴയില്‍ കാറ്റില്‍ പശുത്തൊഴുത്ത് തകര്‍ന്ന് ക്ഷീരകര്‍ഷകയ്ക്ക് പരുക്കേറ്റു. ഇടുക്കി തോപ്പിപ്പാള പെരിയോന്‍ കവല സ്വദേശി രാജേഷിന്‍റെ വീടിന്‍റെ മേല്‍ക്കൂര പറന്നുപോയി. ഷൊര്‍ണൂര്‍ ഗണേഷ്ഗിരി സെന്‍റ് ആന്‍റണീസ് സ്കൂളിന്‍റെ മേല്‍ക്കൂരയും തകര്‍ന്നു. തിരുവനന്തപുരം കല്ലാറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോഡിലേക്ക് കൂറ്റന്‍ കല്ലുകള്‍ വീണ് ഗതാഗതം തടസപ്പെട്ടു. കൊല്ലം സാമ്പ്രാണിക്കൊടി വിനോദസഞ്ചാര കേന്ദ്രത്തില്‍ ബോട്ടിങ് സര്‍വ്വീസുകള്‍ റദ്ദാക്കി.