മഴയൊഴിയാ മണിക്കൂറില്‍ തെക്കന്‍ കേരളത്തിലും വ്യാപക നാശം. തിരുവനന്തപുരത്ത് മരം വീണ് അഞ്ച് വീടുകള്‍ പൂര്‍ണമായും പതിനെട്ട് വീടുകള്‍ ഭാഗികമായും തകര്‍ന്നു. കൊല്ലം തങ്കശ്ശേരിയില്‍ കുളിക്കുന്നതിനിടെ കടലില്‍ കാണാതായ മുദാക്കര സ്വദേശി ലാഗേഷിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവയിലും തിരുവല്ലയിലും ട്രാക്കിലേക്ക് മരം വീണതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
രാത്രിയില്‍ നിര്‍ത്താതെ പെയ്ത മഴയില്‍ കോവളം വെള്ളാര്‍ സ്വദേശി ഷാജിയുടെ വീടിന് മുകളിലേക്ക് മരം വീണു. വീട്ടിനുള്ളില്‍ കുടുങ്ങിയ നാലുപേരെയും അഗ്നിശമനസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. ആറ്റുകാല്‍ ബണ്ട് റോഡിലെ വസുമതിയുടെ വീടിന്‍റെ മേല്‍ക്കൂര നിലംപൊത്തി. നെല്ലിവിള സ്വദേശിനി ലളിതയുടെ വീടിന് മുകളിലേക്ക് മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. വെള്ളായണി സ്വദേശി സിന്ധുവിന്‍റെ വീടും, നെയ്യാറ്റിന്‍കര തലയല്‍ സ്വദേശി രതീഷിന്‍റെ വീടിന്‍റെ മേല്‍ക്കൂരയും കാറ്റെടുത്തു.
രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് രതീഷ് പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. കാട്ടാക്കട വീരണകാവ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനോട് ചേര്‍ന്നുണ്ടായിരുന്ന കൂറ്റന്‍ മരം റോഡിലേക്ക് കടപുഴകി. നെയ്യാറ്റിന്‍കര, കാട്ടാക്കട റോഡില്‍ കണ്ടലയില്‍ മരം വീണതിനെത്തുടര്‍ന്ന് ഇരുപത് മിനിറ്റിലേറെ ഗതാഗതം തടസപ്പെട്ടു. പി.എം.ജിയില്‍ എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് മുകളിലേക്ക് പുളിമരം മറിഞ്ഞ് ഒരു കാറും അഞ്ച് ഇരുചക്രവാഹനവും തകര്‍ന്നു.
കൊല്ലം തങ്കശ്ശേരിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുന്നതിനിടെ ഇന്നലെ കാണാതായ മുദാക്കര സ്വദേശി ലാഗേഷിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവയ്ക്കും കാപ്പിലിനുമിടയില്‍ തെങ്ങ് ട്രാക്കില്‍ വീണ് ട്രെയിന്‍ ഗതാഗതം പതിനഞ്ച് മിനിറ്റ് തടസപ്പെട്ടു. മഴയിലും കാറ്റിലും വൈദ്യുതിത്തൂണുകളിലേക്ക് മരം വീണ് പത്തനംതിട്ട അട്ടത്തോട് ആദിവാസി ഉന്നതിയിലെ വൈദ്യുതി വിതരണം നിലച്ചു.
പമ്പ നിലയ്ക്കല്‍ പാതയില്‍ മരം വീണ് ഗതാഗത തടസമുണ്ടായി. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന വേളാങ്കണ്ണി എറണാകുളം എക്സ്പ്രസിന് മുന്നില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയില്‍ നെടുമ്പ്രത്ത് റോഡില്‍ തെങ്ങ് വീണ് ഒരു മണിക്കൂറിലേറെ ഗതാഗതം മുടങ്ങി.