സംസ്ഥാനത്ത് പതിന്നൊന്ന് ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കൊല്ലവും തിരുവനന്തപുരവും ഒഴികെ പന്ത്രണ്ട് ജില്ലകളിലും പെട്ടെന്നുള്ള വെള്ളക്കെട്ടിനും വെള്ളപ്പാച്ചിലിനും ഇടയുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. മത്സ്യ തൊഴിലാളികൾ 29 വരെ കടലിൽ പോകരുതെന്നും നിര്‍ദേശമുണ്ട്. മലയോരത്തേക്കും കടലോരത്തേക്കുമുള്ള യാത്ര ഒഴിവാക്കണം. ജലാശയങ്ങളിൽ ഇറങ്ങരുത്. സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അറബിക്കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് കേരള തീരത്ത് റെഡ്-ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഉയർന്ന തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
അതേസമയം, വടക്കന്‍ കേരളത്തില്‍ മഴ ശക്തമായി തുടരുകയാണ്. കോഴിക്കോട് വിലങ്ങാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് 16 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മലയോര മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മരങ്ങള്‍ വീണ് പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. മുക്കം റോഡില്‍ രാത്രിയില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സം ഉണ്ടായി. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടുള്ളതിനാല്‍ സ്കുളുകള്‍ മദ്രസകള്‍, അങ്കണവാടികള്‍ ജില്ലാ കളക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. വയനാട്ടിലും ശക്തമായ മഴ തുടരുകയാണ്. ബത്തേരിയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. റെഡ് അലർട്ടുള്ളതിനാല്‍ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്. മരം കടപുഴകി വീണ് രാത്രി പലയിടത്തും ഗതാഗതം തടസപ്പെട്ടു. എൻഡിആർഎഫ് സംഘം ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. റെഡ് സോണിലുള്ള എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നും അടഞ്ഞ് കിടക്കും.
പാലക്കാട്ടും ശക്തമായ മഴ തുടരുകയാണ്. അട്ടപ്പാടി, നെല്ലായമ്പതി അടക്കമുള്ള മലയോര മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. ജില്ലയിൽ റെഡ്അലർട്ട് നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രത പാലിക്കാനാണ് നിർദേശം. അട്ടപ്പാടി ചുരത്തിൽ ഭാരവാഹനങ്ങൾ 27 വരെ നിരോധിച്ചു. മണ്ണാർക്കാട് കുരുത്തിചാലിൽ പുഴയിൽ കാണാതായ ഒറ്റപ്പാലം സ്വദേശി മുബീലിന് വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. അതിനിടെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ 10 ഷട്ടറുകൾ തുറന്നു. മേഖലയിൽ മഴ തുടരുന്നതിനാൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ജില്ലയിൽ കാലാവർഷക്കെടുതിയിൽ ഇതുവരെ 44 വീടുകൾ തകർന്നെന്നാണ് കണക്ക്.
എറണാകുളം ജില്ലയിലെ വിവിധ ഇടങ്ങളില്‍ രാത്രിയിലുടനീളം ഇടവിട്ട കനത്തമഴയാണ് അനുഭവപ്പെട്ടത്. അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ എന്നവിടങ്ങിലും തീരപ്രദേശത്തും ശക്തമായ മഴ തുടരുന്നു. ഇന്നലെ എറണാകുളം വടുതലയില്‍ പുഴ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു. വടുതല സ്വദേശി അനീഷാണ് മരിച്ചത്. ശക്തമായ കാറ്റില്‍ ഇന്നലെ ഫോര്‍ട്ട് കൊച്ചിയിലും എറണാകുളം ജനറല്‍ ആശുപത്രിയുടെ മുന്‍പിലും മരം കടപുഴകി വീണു. നെടുമ്പാശേരി മേക്കാട് ചുഴലിക്കാറ്റിൽ ഇരുന്നൂറ്റി അൻപതോളം റബ്ബർ മരങ്ങൾ കാറ്റിൽ ഒടിഞ്ഞുവീണു. പ്രദേശത്തെ ഒട്ടേറെ വീടുകൾക്കും കേടുപാട് സംഭവിച്ചു.
ഭൂതത്താന്‍ കെട്ട് ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മലയോര മേഖലകളിലേയും ജലാശയങ്ങളിലെയും വിനോദ സഞ്ചാരം ഒഴിവാക്കാനും നിർദേശമുണ്ട്. മലയോര മേഖലയിലെ റോഡുകളിലൂടെയുള്ള ഗതാഗതത്തിന് നാളെ രാവിലെ 7 വരെ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിലെ ക്വാറി പ്രവർത്തനങ്ങളും നിരോധിച്ചു. സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ താമസിക്കുന്നവർക്ക് മുൻകരുതൽ നടപടിയെന്ന നിലയിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് പ്രഫഷണല്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.
ആലപ്പുഴ ജില്ലയിൽ കനത്ത മഴയില്‍, രണ്ടു ദിവസത്തിനുള്ളിൽ 29 വീടുകളാണ് തകർന്നത്. ഇവയിൽ രണ്ടെണ്ണം പൂർണമായി തകർന്നു. പുന്നപ്ര, തൃക്കുന്നപ്പുഴ, വളഞ്ഞവഴി തീരങ്ങളിൽ കടലാക്രമണം ശക്തമാണ്. നിരവധി വീടുകൾ തകർച്ച ഭീഷണിയിലാണ്. പുന്നപ്രയിൽ കടൽ ഭിത്തിയും തകർന്നു. കുട്ടനാട്ടിൽ താഴ്ന്നയിടങ്ങളിലും രണ്ടാം കൃഷിക്കൊരുക്കിയ പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞു. ജലാശയങ്ങളിൽ ഒരടിയോളം ജലനിരപ്പ് ഉയർന്നു.
ദേശീയപാതാ നിർമാണ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. താലൂക്ക് കേന്ദ്രങ്ങളിലും കലക്ടറേറ്റിലും കൺട്രോൾ റൂമുകൾ തുറന്നു കാറ്റും മഴയും തുടരുന്നതിനാൽ ശിക്കാര വള്ളങ്ങൾ, ചെറിയ ബോട്ടുകൾ, സ്പീഡ് ബോടുകൾ എന്നിവയുടെ സഞ്ചാരവും ടൂറിസ്റ്റുകളെ കയറ്റുന്നതും നിരോധിച്ചിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്ക് ശേഷം മഴയുടെ ശക്തിയില്‍ നേരിയ കുറവുണ്ടായി. എന്നാല്‍ ഇടക്കിടെയുണ്ടായ മഴയ്ക്കൊപ്പമെത്തിയ കാറ്റ് വീണ്ടും നാശം വിതച്ചു. മൂന്ന് വീടുകള്‍ക്കാണ് ഇന്നലെ നാശം സംഭവിച്ചത്. കോവളം വെങ്ങാനൂരില്‍ വീടിന്‍റെ മുകളിലേക്ക് മരം വീണ് കാര്‍പോര്‍ച്ച് തകര്‍ന്നു. മൂന്നിടത്തും ആളപായമില്ല. പൊന്‍മുടി ടൂറിസം കേന്ദ്രം അടച്ചിരിക്കുകയാണ്.