സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരണം പതിനൊന്ന് മരണം. തൃശൂരിൽ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. നിലമ്പൂരിൽ മീൻപിടിക്കാൻ പോയ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റെഡ് അലർട്ട് നിലനിൽക്കുന്ന പല ജില്ലകളിലും മഴയും കാറ്റും കനത്ത നാശനഷ്ടങ്ങൾ വിതച്ചു.
തൃശൂർ പുന്നംപുറമ്പിൽ കനത്ത മഴയിൽ ഗ്രില്ലിൽനിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പുന്നംപുറമ്പ് സ്വദേശി രേണുക (41) യാണ് മരിച്ചത്. രക്ഷിക്കാനെത്തിയ മകൾക്കും ഷോക്കേറ്റു. കാലപ്പഴക്കംചെന്ന വൈദ്യുതി ലൈനിൽനിന്നാണ് ഗ്രില്ലിലേക്ക് വൈദ്യുതി പ്രവഹിച്ചത്. ഇതോടെ, രണ്ടു ദിവസത്തിനിടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. നിലമ്പൂർ വല്ലപ്പുഴയിൽ തോട്ടിൽ മീൻപിടിക്കാൻ പോയ മനോലൻ റഷീദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഡാമുകൾ തുറന്നു: കണ്ണൂർ പഴശ്ശി ഡാമിന്‍റെ 16 ഷട്ടറുകളിൽ 13 എണ്ണവും തുറന്നു. തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്‍റെ 19 ഷട്ടറുകളും തുറന്നുവിട്ടു. പാലക്കാട് അട്ടപ്പാടിയിൽ വീട് തകരുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. പാലക്കാട് ശിരുവാണി അണക്കെട്ടിലേക്കുള്ള പ്രവേശനം ഒരാഴ്ചത്തേക്ക് നിരോധിച്ചു.
ഗതാഗത തടസ്സവും നാശനഷ്ടങ്ങളും
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ ഗതാഗതത്തെ കാര്യമായി ബാധിച്ചു.
തൃശൂർ: കരുവന്നൂർ സംസ്ഥാന പാതയിൽ ആൽമരത്തിന്‍റെ കൊമ്പ് ഒടിഞ്ഞുവീണു. പട്ടാമ്പി പോലീസ് സ്റ്റേഷന് സമീപം വൻമരം കടപുഴകി.
തിരുവല്ല: റെയിൽവേ സ്റ്റേഷനു സമീപം വേളാങ്കണ്ണി എക്സ്പ്രസിന് മുന്നിൽ മരം വീണു.
കോഴിക്കോട്: പൂനൂർ പുഴയിൽ ജലനിരപ്പ് ഉയർന്നു, ചെലവൂർ മിനി സ്റ്റേഡിയത്തിൽ വെള്ളം കയറി. കാരന്തൂർ, പാറക്കടവ്, ചെലവൂർ, മൂഴിക്കൽ, വിരുപ്പിൽ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി.
കാസർകോട്: കളക്ടറേറ്റ് വളപ്പിൽ മരം വീണ് നിർത്തിയിട്ട കാർ തകർന്നു. കാൻറീനിന്റെ അടുത്തും മരം വീണെങ്കിലും ആർക്കും പരിക്കില്ല.
കോതമംഗലം: കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി.
ചുഴലിക്കാറ്റും കടലാക്രമണവും
ചാലക്കുടി നഗരത്തിലും പടിഞ്ഞാറൻ മേഖലയിലും ചുഴലിക്കാറ്റ് വീശി. മാള അമ്പഴക്കാട് കോട്ടവാതിലിലും ചുഴലി ആഞ്ഞടിച്ച് വൈദ്യുതി പോസ്റ്റുകൾ തകരുകയും മരങ്ങൾ കടപുഴകുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
ശക്തമായ കടലാക്രമണത്തിൽ ഫോർട്ട് കൊച്ചി ബീച്ച് ഇടിഞ്ഞു. നടപ്പാത ഒലിച്ചുപോയതിനെ തുടർന്ന് വിനോദസഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ആലപ്പുഴ ആറാട്ടുപുഴ തറയിൽ കടവിലും കടൽക്ഷോഭം രൂക്ഷമാണ്. കടൽഭിത്തിക്ക് മുകളിലൂടെ തിരമാലകൾ ആഞ്ഞടിച്ച് കടൽവെള്ളം തീരദേശ റോഡിലേക്ക് കയറി. മുനമ്പത്തും രൂക്ഷമായ കടലാക്രമണം, വീടുകളിലേക്കും പള്ളിയിലേക്കും വെള്ളം കയറി.