സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് നിലവിലുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ പെട്ടെന്നുള്ള വെള്ളപ്പാച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മലയോര, തീരദേശ യാത്രകൾ ഒഴിവാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഒൻപത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
കോഴിക്കോട് കനത്ത മഴയും ദുരിതവും: കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുകയാണ്. നഗരത്തിലും മലയോരത്തും രാത്രി തുടങ്ങിയ മഴയ്ക്ക് ഇപ്പോഴും ശമനമില്ല. പല റോഡുകളിലും വെള്ളം കയറിയതിനാൽ ഗതാഗതം മന്ദഗതിയിലാണ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് മലയോരത്തെ ഗ്രാമീണ റോഡുകളിലെ ഗതാഗതം തടസ്സപ്പെട്ടു.
മാവൂർ അടക്കമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴ തുടർന്നാൽ ഇവിടങ്ങളിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരും. വിലങ്ങാട് തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് കൂടുതൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നിലവിൽ 18 കുടുംബങ്ങളിലെ 60 പേരാണ് ക്യാമ്പിലുള്ളത്.
ഇടുക്കിയിലും തൃശൂരിലും മഴക്കെടുതി: ഇടുക്കിയിലെ തൊടുപുഴയിലും മലയോര മേഖലകളിലും ശക്തമായ മഴയും കാറ്റും തുടരുന്നു. നേര്യമംഗലം റാണിക്കല്ലിൽ രാത്രി മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെയോടെ അഗ്നിശമനസേന മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ജില്ലയിലെ സാഹചര്യം വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും.
തൃശൂർ ജില്ലയിലും കനത്ത മഴയാണ്. രാത്രിയിൽ ഇടവിട്ട് ശക്തമായി മഴ പെയ്തു. തോടുകളിലും പുഴകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തൃശൂർ-ഗുരുവായൂർ റെയിൽവേ ട്രാക്കിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മരം മുറിച്ചു മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
തിരുവനന്തപുരത്തും കണ്ണൂരിലും നാശനഷ്ടം
തിരുവനന്തപുരം ജില്ലയിൽ രാത്രിയിലുണ്ടായ മഴയിൽ പന്ത്രണ്ടിടങ്ങളിൽ മരം വീണു. ആറ്റുകാൽ ബണ്ട് റോഡിൽ വസുമതിയുടെ വീടിന്റെ ഷീറ്റ് മേൽക്കൂര കാറ്റിൽ നിലംപൊത്തി. അമ്പലത്തറ, വെങ്ങാനൂർ എന്നിവിടങ്ങളിലും വീടിന് മുകളിലേക്ക് മരം വീണു. രാവിലെ മഴയ്ക്ക് നേരിയ ശമനമുണ്ട്.
കണ്ണൂർ എളയാവൂരിൽ ശക്തമായ കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര പൂർണ്ണമായും പറന്നുപോയി. കൂടാതെ മൂന്ന് വീടുകളുടെ റൂഫിങ് ഷീറ്റുകളും തകർന്നു. കണ്ണൂർ നെടുംപൊയിലിൽ വീടിന് മുകളിൽ മരം വീണ് മൂന്നുപേർക്ക് പരിക്കേറ്റു.
വയനാട്ടിൽ വെള്ളപ്പൊക്കവും ഗതാഗത തടസ്സവും
വയനാട് കല്ലൂർപുഴ കരകവിഞ്ഞൊഴുകുകയാണ്. മുത്തങ്ങ മന്മഥമൂല റോഡിൽ വെള്ളം കയറി. മന്മഥമൂല, ആലത്തൂർ, അത്തിക്കുനി, കല്ലുമുക്ക് തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെട്ടു. പുഴംകുനി ആദിവാസി ഉന്നതിയിലെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൽപ്പറ്റയിൽ എസ്പി ഓഫീസിനു മുന്നിൽ കൂറ്റൻ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
മറ്റ് ഗതാഗത തടസ്സങ്ങൾ
അടിമാലി ഇരുട്ടുകാനത്ത് വൻമരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആനച്ചാലിലും മരം വീണ് ഗതാഗത തടസ്സങ്ങളുണ്ടായി. മലയോര ഹൈവേ നിർമാണം നടക്കുന്ന കോഴിക്കോട് ഏകരൂർ-കക്കയം റോഡിൽ 26-ാം മൈലിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.