തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസിലെ പ്രതി സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി ഡിസിപി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. തിരുവനന്തപുരം പേട്ട പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ സുകാന്തിനെതിരെ ബലാത്സംഗം കുറ്റമാണ് ചുമത്തിയിട്ടുള്ളത്. സുകാന്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് രാവിലെ ഹൈക്കോടതി തള്ളിയിരുന്നു.
സുകാന്തിനെതിരെ പ്രഥമദൃഷ്ട്യാ ആത്മഹത്യാപ്രേരണ കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയായിരുന്നു നടപടി. സുകാന്തിന് ഒരേസമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് ഇയാൾ കീഴടങ്ങിയത്. സുകാന്തിനെ ഇന്ന് വൈകിട്ട് തിരുവനന്തപുരം പേട്ട പൊലീസിന് കൈമാറും.
കേസിന്റെ വിശദാംശങ്ങൾ: ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പോലീസ് സുകാന്ത് സുരേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ഈ നടപടി. മാർച്ച് 24-നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐ.ബി. ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബം പൊലീസിൽ നൽകിയ പരാതി. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം സുകാന്തും കുടുംബവും ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നു. ഇതിനെത്തുടർന്ന് പൊലീസ് സുകാന്ത് സുരേഷിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും, പിന്നാലെ സുകാന്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തിരുന്നു.