മഴയുടെ ദുരിത പെയ്ത്ത് തുടരുന്ന രണ്ടാം ദിനവും മധ്യകേരളത്തിൽ മരണവും വ്യാപക കൃഷി നാശവും. തൃശൂർ പുന്നംപുറമ്പിൽ വൈദ്യുതി ലൈനിലെ തകരാറിനെ തുടർന്ന്, ഷോക്കേറ്റ് 41 കാരി മരിച്ചു. നെടുമ്പാശ്ശേരിയിലും ചാലക്കുടിയിലും മാളയിലും ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നഷ്ടം. എറണാകുളം, ആലപ്പുഴ, തൃശ്ശൂർ തീരദേശ മേഖലകളിൽ കടലാക്രമണവും രൂക്ഷമായി.
തൃശ്ശൂർ പുന്നംപറമ്പിൽ രേണുകയാണ് ഇരുമ്പ് ഗ്രില്ലിൽ തൊട്ടപ്പോൾ ഷോക്കേറ്റ് മരിച്ചത്. അമ്മയെ രക്ഷിക്കാനെത്തിയ മകൾക്ക് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. വാടക വീടിൻ്റെ വൈദ്യുതി ലൈനിൻ്റെ തകരാറായിരുന്നു കാരണം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിൽ, ഇന്നലെ വൈകിട്ട് നാലുമണിയോടെ വീശിയ ചുഴലിക്കാറ്റിൽ മേക്കാട് പഞ്ചായത്തിലെ നാല് , ആറ് വാർഡുകളിൽ ഉണ്ടായത് ലക്ഷങ്ങളുടെ നാശനഷ്ടം . മൂന്നര ഏക്കറിലെ 300ലധികം റബ്ബർ മരങ്ങൾ കടപുഴകി വീണു. തെങ്ങ്, കവുങ്ങ്, ജാതി, വാഴയുൾപ്പെടെയുള്ള കൃഷിയിടവും നശിച്ചു. പ്രദേശത്തെ വീടുകളും തകർന്നു. ചുഴലിക്കാറ്റ് വീശുന്നതിനിടെ ഭാരമുള്ള വസ്തു കയ്യിലേക്ക് തെറിച്ച് വീണ് യുവതിക്ക് പരുക്കേറ്റു.
ഇന്നലെ അർധരാത്രിയിലും ഇന്ന് രാവിലെയും തൃശ്ശൂർ ജില്ലയിലെ ചാലക്കുടിയിലും മാളയിലും ചുഴലിക്കാറ്റ് വീശി അടിച്ചു. വൈദ്യുതി പോസ്റ്റുകളും മരങ്ങളും മറിഞ്ഞുവീണതോടെ വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടു. കാക്കാത്തിരുത്തിയിൽ മരം വീണ് മൂന്നുപീടിക, ഇരിങ്ങാലക്കുട റോഡിൽ ഗതാഗതം തടസപ്പെട്ടു. കരുവന്നൂർ രാജകമ്പനിയ്ക്കു സമീപം ആൽമരത്തിൻ്റെ കൊമ്പൊടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു. ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ യാത്രക്കാരും ബൈക്ക് യാത്രക്കാരനും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കടലാക്രമണത്തിൽ, എറണാകുളം ചെല്ലാനം കണ്ണമാലി പ്രദേശത്ത് വീടിന്റെ മതിൽ തകർന്നു. ആലപ്പുഴയിൽ പുന്നപ്ര , തൃക്കുന്നപ്പുഴ, വളഞ്ഞവഴി തീരങ്ങളിൽ കടലാക്രമണം ശക്തമായതോടെ നിരവധി വീടുകൾ തകർച്ച ഭീഷണിയിലാണ്. പുന്നപ്രയിൽ കടൽ ഭിത്തിയും തകർന്നു. കുട്ടനാട്ടിൽ ജലനിരപ്പ് ഒരു അടിയോളം ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ദേശീയ പാത നിർമാണ മേഖലകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. താലൂക്ക് കേന്ദ്രങ്ങളിലും കലക്ടറേറ്റിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കോട്ടയം ചുങ്കത്ത് മരം വീണ് രണ്ട് ഓട്ടോറിക്ഷകൾക്ക് കേടുപാടുണ്ടായി. ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലും തലയാഴം പഞ്ചായത്തിലും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു. മീനച്ചിലാറിൽ ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.
മണിമല പൂവത്തോലിയിൽ പാറമടയ്ക്ക് സമീപം മണ്ണ് ഇടിഞ്ഞു. പനമ്പാലത്ത് വീടിൻ്റെ മതിൽ ഇടിഞ്ഞു വീണു. ഇടുക്കി തൊടുപുഴയിലും മലയോരമേഖലകളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. നേര്യമംഗലം റാണിക്കല്ലിലും ആനച്ചാലിലും, മൂന്നാർ മറയൂർ റോഡിലും മരംവീണ് ഗതാഗതം തടസപ്പെട്ടു. ചീയാപ്പാറയിൽ മണ്ണിടിച്ചിലുണ്ടായി.