calcium-carbide-containers-found-kerala-coast-ndma-team-arrives

കണ്ടെത്തിയ 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡാണെന്ന് ദുരന്തനിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. ഇവ തീ പിടിക്കുന്നതും പൊള്ളൽ ഏൽപ്പിക്കുന്നതുമായ വസ്തുക്കളാണെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി. കൂടുതൽ കണ്ടെയ്നറുകളും ചെറിയ ബോക്സുകളും ഒഴുകി വരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് അറിയിച്ചു. ഈ ബോക്സുകളിലും തൊടരുതെന്നും, കണ്ടെയ്നറുകളിൽ നിന്ന് 200 മീറ്റർ അകലം പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ വിദഗ്ധസംഘം കേരളത്തിലെത്തും. കൂടാതെ, മുങ്ങിയ കപ്പലിന്റെ വിദഗ്ധസംഘവും കേരളത്തിലെത്തുമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

അറബിക്കടലിൽ മുങ്ങിയ ചരക്ക് കപ്പലിൽനിന്നുള്ള 29 കണ്ടെയ്നറുകൾ കേരള തീരത്തടിഞ്ഞു. ഇതിൽ 27 എണ്ണം കൊല്ലം തീരത്തും 2 എണ്ണം ആലപ്പുഴയിലുമാണ് കണ്ടെത്തിയത്. കൊല്ലത്ത് നീണ്ടകര, ശക്തികുളങ്ങര, ചവറ പരിമണം, ചെറിയഴീക്കൽ തീരങ്ങളിലാണ് കണ്ടെയ്നറുകൾ എത്തിയത്. ആലപ്പുഴയിലെ കണ്ടെയ്നറുകളിലൊന്ന് തകർന്ന നിലയിലാണ്. ഇതിൽ കോട്ടൺ ഉൽപ്പന്നങ്ങളാണുള്ളതെന്ന് സംശയിക്കുന്നു. കപ്പലിലെ ഒരു ലൈഫ് ബോട്ടും കരയ്ക്കടിഞ്ഞിട്ടുണ്ട്. 

കസ്റ്റംസ് ഉദ്യോഗസ്ഥർ ശക്തികുളങ്ങരയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. കണ്ടെയ്നർ കണ്ടെത്തിയ ചെറിയഴീക്കൽ പ്രദേശത്തെ നാട്ടുകാർക്ക് കരുനാഗപ്പള്ളി എ.എസ്.പി. ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സമീപത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായും എ.എസ്.പി. അറിയിച്ചു.

കപ്പലിൽനിന്ന് എണ്ണ ഒഴുകിയെത്തുമെന്ന ആശങ്ക താൽക്കാലികമായി ഒഴിഞ്ഞിട്ടുണ്ടെന്ന് ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു. എന്നാൽ, കടലിൽ എണ്ണ പടരുന്നത് തടയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഡിഫൻസ് പി.ആർ.ഒ. മനോരമ ന്യൂസിനോട് അറിയിച്ചു. എണ്ണ എത്രത്തോളം പടർന്നു എന്ന് കണ്ടെത്താൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും മൂന്ന് കപ്പലുകൾ ഈ ശ്രമങ്ങൾക്കായി വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിൽനിന്ന് ഒരു മലിനീകരണ നിയന്ത്രണ കപ്പൽ ഇങ്ങോട്ട് തിരിച്ചിട്ടുണ്ടെന്നും ഡിഫൻസ് പി.ആർ.ഒ. അതുൽ പിള്ള അറിയിച്ചു. ആലപ്പുഴയിൽ തീരദേശ സേനയുടെ ഹെലികോപ്റ്റർ കടലിൽ പരിശോധന നടത്തുന്നുണ്ട്.

ENGLISH SUMMARY:

Thirteen containers washed ashore in Kerala have been confirmed to contain calcium carbide, a flammable and hazardous substance, according to the Disaster Management Authority. The public has been advised to keep a 200-meter distance from the containers and avoid contact with any boxes. A central disaster management team and a group of experts related to the sunken cargo ship are arriving in Kerala. So far, 29 containers have drifted ashore, mostly in Kollam and some in Alappuzha. Cleanup and containment efforts, including anti-pollution ships and surveillance, are underway to prevent oil spread from the vessel.