ഇടുക്കിയില്‍ മലങ്കര ഡാം തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നു. മുന്നറിയിപ്പില്ലാതെയാണ് ഇന്നലെ വൈകിട്ട് 5.30 ന് ഡാം തുറന്നത്. ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണമാണ് മുന്നറിയിപ്പില്ലാതെ തുറന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരുകയാണ്. വാർത്തക്ക് പിന്നാലെ ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. തൊടുപുഴ - മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാനാണ് നിർദേശം. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്.
അതേസമയം, ഇടുക്കി രാമക്കല്‍മേട്ടില്‍ ശക്തമായ മഴയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞ് അപകടമുണ്ടായി. തോവളപടിയിലാണ് കാര്‍ നിയന്ത്രണം വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞത്. പാമ്പുമുക്ക് സ്വദേശിയുടെ കാറാണ് മറിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ അത്ഭുകരമായി രക്ഷപ്പെട്ടു.
സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടര്‍ന്ന് ഇന്നും അതി തീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. അഞ്ചു ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. എല്ലാ ജില്ലകളിലും തീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്ന് രാത്രി വൈകി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊല്ലവും തിരുവനന്തപുരവും ഒഴികെ പന്ത്രണ്ട് ജില്ലകളിലും പെട്ടെന്നുള്ള വെള്ളക്കെട്ടിനും വെള്ളപ്പാച്ചിലിനും ഇടയുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. എട്ട് തീരദേശ ജില്ലകളിൽ ഇന്നും നാളെയും അതീവ ജാഗ്രത നിര്‍ദേശമാണുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളുടെ തീരങ്ങളിലാണ് മുന്നറയിപ്പ്. തിരുവനന്തപുരം തീരത്ത് ഓറഞ്ച് അലർട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. മലയോരത്തേക്കും കടലോരത്തേക്കുമുള്ള യാത്ര ഒഴിവാക്കണം. അടുത്ത 48 മണിക്കൂർ ഉയർന്ന തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.