മധ്യകേരളത്തിൽ നാശം വിതച്ച് മഴ തുടരുന്നു. ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് അതിഥി തൊഴിലാളിയായ സ്ത്രീ മരിച്ചു. ആലപ്പുഴ തകഴിയില്‍ ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് പരുക്ക്. മലങ്കര, ഭൂതത്താൻകെട്ട് ഡാമുകളിൽ ജലനിരപ്പ് കൂടിയതോടെ ഷട്ടറുകൾ ഉയർത്തി.
ഇന്നലെ വൈകിട്ട് ഏലത്തോട്ടത്തിൽ നിന്നും വിറക് ശേഖരിക്കുന്നതിനിടെയാണ് മധ്യപ്രദേശ് സ്വദേശി മാലതിയുടെ ദേഹത്ത് മരം വീണത്. തേനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിച്ചു. ആലപ്പുഴ തകഴിയില്‍ ശക്തമായ മഴയിലും കാറ്റിലും വീട് തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇതുവരെ ആലപ്പുഴ ജില്ലയിൽ മാത്രം ഇരുപതിലധികം വീടുകളാണ് തകർന്നത്. തൃക്കുന്നപ്പുഴ, വളഞ്ഞവഴി, പുന്നപ്ര തീരപ്രദേശങ്ങളിൽ കടലേറ്റം രൂക്ഷമാണ്. 60 വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. എറണാകുളം ജില്ലയിലെ എടവനക്കാട്, നായരമ്പലം ഭാഗങ്ങളിൽ കടലാക്രമണം രൂക്ഷമായതോടെ വീടുകളിലും റോഡുകളിലും വെള്ളം കയറി. തൃശൂർ അരിമ്പൂരിൽ കനത്ത മഴയിൽ തെങ്ങ് കടപുഴകി വീണ് വീട് തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു.
എറണാകുളം കുന്നത്തുനാട് അകനാട് കരയിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ഇടുക്കി രാമക്കൽമേട് തോവാളപ്പടിയിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു തലകീഴായി മറഞ്ഞെങ്കിലും യാത്രക്കാർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞതോടെ മേഖലയിലെ വൈദ്യുതി ബന്ധം തകരാറിലായി. തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ മരം വീണതിനെ തുടർന്ന് ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ആർക്കും പരുക്കില്ല. കനത്ത കാറ്റിൽ ഇന്ന് പുലർച്ചെ ഫോർട്ട് കൊച്ചിയിൽ 300 വർഷം പഴക്കമുള്ള മരം കടപുഴകി വീണു. ഇന്നലെ വൈകിട്ട് ഇടുക്കി മലങ്കര ഡാമിന്‍റെ 5 ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നിരുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നെന്ന മനോരമ ന്യൂസ് വാർത്തക്ക് പിന്നാലെയാണ് ജില്ലാ ഭരണകൂടം തൊടുപുഴ - മുവാറ്റുപുഴ ആറുകളുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയത്. ഭൂതത്താൻകെട്ട് ഡാമിന്‍റെ ഷട്ടറുകളും ഉയർത്തിയതുകൊണ്ട് പെരിയാറിന്‍റെ തീരത്തുള്ളവരും ജാഗ്രത പാലിക്കണം. ഉയർന്ന തിരമാല മുന്നറിയിപ്പുള്ളതിനാൽ, മധ്യകേരളത്തിന്‍റെ തീരദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.