കെ–ഫോണിനോടും കടം പറഞ്ഞ് സര്‍ക്കാര്‍. ഇന്‍റര്‍നെറ്റ് ഉപയോഗിച്ച വകയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് കെ–ഫോണിന് കിട്ടാനുള്ളത് 33 കോടി രൂപ. ഒരു വര്‍ഷമായിട്ടും ബില്‍ അടക്കാത്ത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നെറ്റ് കെ–ഫോണ്‍ കട്ടാക്കി. 2023 ഒക്ടോബര്‍ മുതല്‍, കണക്ഷന്‍ ലഭിച്ചതിന് ശേഷം ഒരു രൂപ അടക്കാത്ത സ്ഥാപനങ്ങളും ഇതിലുണ്ട്.
ഡിജിറ്റല്‍ ഡിവൈഡിന് കേരളത്തിന്‍റെ ബദലെന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച കെ–ഫോണിന് സര്‍ക്കാര്‍ തന്നെ ബാധ്യതയാവുകയാണ്. 2023 ഒക്ടോബറില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ തുടങ്ങിയത് മുതല്‍ ഇതുവരെ 33 കോടി രൂപയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കെ–ഫോണിന് നല്‍കാനുള്ളത്. കിഫ്ബിയില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തുടങ്ങിയ കെ–ഫോണിന്‍റെ പ്രധാന വരുമാനം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതാണ്. ഇതുവരെ ഒരു ലക്ഷത്തിലേറെ കണക്ഷനുകള്‍ നല്‍കിയതില്‍ മുപ്പതിനായിരത്തിലധികവും സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. അതിനര്‍ത്ഥം നിലവില്‍ വരുമാനത്തിന്‍റെ മൂന്നിലൊന്നും വരേണ്ടത് ഈ സ്ഥാപനങ്ങളില്‍ നിന്ന്. ഇതാണ് മുടങ്ങിയിരിക്കുന്നത്. ബില്‍ കുടിശികയുള്ള ഇരുപത്തി മൂവായിരത്തോളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇവയില്‍ ചുരുങ്ങിയത് ഒരു വര്‍ഷമായിട്ടും പണം അടക്കാത്തവരുടെ കണക്ഷന്‍ വിഛേദിച്ചു.
ഭൂരിഭാഗവും സ്കൂളുകള്‍ ഉള്‍പ്പെടേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ഉടന്‍ പണമടക്കാമെന്ന ഉറപ്പ് രേഖാമൂലം നല്‍കിയാല്‍ കണക്ഷനുകള്‍ പുന:സ്ഥാപിക്കുമെന്നും അതിനാല്‍ സ്കൂളുകളില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാകാത്ത സാഹചര്യം ഉണ്ടാകില്ലെന്നും കെ–ഫോണ്‍ അധികൃതര്‍ വിശദീകരിക്കുന്നു. അപ്പോഴും നല്‍കേണ്ട പണം ആര്, എപ്പോള്‍ നല്‍കുമെന്ന ചോദ്യം ബാക്കിയാണ്. ഓരോ സ്ഥാപനവും വെവ്വേറെ ബില്‍ അടക്കുന്നതിന് പകരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ഇന്‍റര്‍നെറ്റ് ബില്‍ത്തുക ബജറ്റില്‍ വിഹിതമായി വയ്ക്കുകയും അവ ഗഡുക്കളായി നല്‍കണമെന്നുമാണ് കെ–ഫോണിന്‍റെ ആവശ്യം. സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും ധനവകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടപ്പായില്ല. ഫലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശിക പെരുകും. കെ–ഫോണിന്‍റെ സാമ്പത്തിക സ്ഥിരത അപകടത്തിലുമാകും.