സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ ശക്തം. വയനാട് ജില്ലയില്‍ മേപ്പാടി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. റെഡ്‌സോണിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ബൈപ്പാസിനോട് ചേര്‍ന്നഭാഗത്ത് മണ്ണിടിച്ചിലുണ്ടായി. കോഴിക്കോടിന്‍റെ മലയോരമേഖലകളിലും മഴ ശക്തമാണ്. കോഴിക്കോട് നഗരത്തില്‍ ഇടവിട്ടാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. റെഡ് അലര്‍ട്ടാണ് ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറത്തും രാവിലെ മുതല്‍ ശക്തമായ മഴയാണ്. സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടര്‍ന്ന് ഇന്നും അതി തീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
നാദാപുരം വിലങ്ങാട് പന്നിയേരിയില്‍ മണ്ണിടിച്ചിലുണ്ടായി. കനത്ത മഴയിലും കാറ്റിലും വിവിധയിടങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വീണ് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാത്രി താമരശേരി ചുരത്തില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. വൈദ്യുതി ലൈനുകളില്‍ മരം വീണ് വെദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന പയ്യോളി, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുകയാണ്. മലയോര മേഖലയില്‍ മഴശക്തമായി തുടരുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അഞ്ചു ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. എല്ലാ ജില്ലകളിലും തീവ്ര മഴക്ക് സാധ്യത ഉണ്ടെന്ന് രാത്രി വൈകി പുറപ്പെടുവിച്ച മുന്നറിയിപ്പിൽ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊല്ലവും തിരുവനന്തപുരവും ഒഴികെ പന്ത്രണ്ട് ജില്ലകളിലും പെട്ടെന്നുള്ള വെള്ളക്കെട്ടിനും വെള്ളപ്പാച്ചിലിനും ഇടയുണ്ട്. കടൽ അതീവ പ്രക്ഷുബ്ധമാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. മലയോരത്തേക്കും കടലോരത്തേക്കുമുള്ള യാത്ര ഒഴിവാക്കണം. അടുത്ത 48 മണിക്കൂർ ഉയർന്ന തിരകൾക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.