Kochi: People take a boat ride amid rains, in Kochi, Wednesday, March 12, 2025. (PTI Photo)(PTI03_12_2025_000355A)
കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്ന് കാലാവസ്ഥാവകുപ്പ്. 2009 മേയ് 23 ന് ശേഷം ഇത്രയും നേരത്തെ കാലവര്‍ഷം എത്തുന്നത് ആദ്യമാണ്. അതേസമയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് നിലവിലുണ്ട്.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ന്യൂനമര്‍ദമാണ് മണ്‍സൂണ്‍ കാറ്റിന്‍റെ വേഗം കൂട്ടിയത്. 59 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റുവീശുന്നത്. ആറു ദിവസം കനത്ത മഴ തുടരുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. കേരളം, കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
കണ്ണൂര്‍ ജില്ലയിൽ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. വളപട്ടണം മുതൽ ന്യൂ മാഹി വരെ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി 8:30 മുതൽ 24 മണിക്കൂർ നേരത്തേക്കാണ് ജാഗ്രത നിർദേശം. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടുത്ത മൂന്നു ദിവസത്തേക്ക് അടച്ചതായി ഡിടിപിസി അറിയിച്ചു.
അതേസമയം, ശക്തമായ കാറ്റിലും മഴയിലും സംസ്ഥാനത്ത് വ്യാപകനാശനഷ്ടങ്ങളാണുണ്ടായത്. തിരുവനന്തപുരം ജില്ലയിലാണ് മഴക്കെടുതി കൂടുതല്‍. മെഡിക്കൽ കോളജിന് മുന്നിൽ മരം ഒടിഞ്ഞ് വീണ് കൊല്ലം സ്വദേശിക്ക് പരുക്കേറ്റു. ജില്ലയിൽ പന്ത്രണ്ട് വീടുകൾ പൂർണമായും 31 വീടുകൾ ഭാഗികമായും തകർന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നൂറിലധികം ഇടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പെരുമ്പഴുതൂർ സ്വദേശിയായ കുട്ടപ്പൻ്റെ വീട്ടിലേക്ക് രണ്ട് മരങ്ങളാണ് ഒടിഞ്ഞു വീണത്.
ശക്തമായ കാറ്റിലും മഴയിലും തൃശൂര്‍ കാഞ്ഞിരക്കോട് വീട് തകര്‍ന്നുവീണു. വീട്ടുകാര്‍ക്ക് പരുക്കേറ്റു. കോട്ടയം തലനാട് സ്കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവ നശിച്ചു. കോട്ടയം കടുവാമൂഴി മദ്രസ ഭാഗത്ത് താമസിക്കുന്ന അമ്പഴത്തിനാൽ ഷിഹാബിന്റെ വീട് മരം വീണു തകർന്നു. വലിയ ആഞ്ഞിലമരം ഉൾപ്പെടെ മൂന്നു മരങ്ങളാണ് കടപുഴകിയത്. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നിലും കൂറ്റന്‍ മരം കടപുഴകി. കൊല്ലം പുനലൂരില്‍ മരംവീണ് വീട് തകര്‍ന്നു. ഇടമുളയ്ക്കലില്‍ മതില്‍ ഇടിഞ്ഞുവീണു. തണ്ണിത്തോട്ടിലും വീടിന് മുകളിലേക്ക് മരം വീണു. ഇടുക്കി വാളറയ്ക്ക് സമീപം ആറാംമൈലില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു.