സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ടാകും. മറ്റന്നാള്‍ അതീവ ജാഗ്രതയാണ്. അതീവജാഗ്രത വേണമെന്ന് റവന്യുമന്ത്രി കെ.രാജന്‍ പ്രതികരിച്ചു. 3950 ക്യാംപുകള്‍ തയാറാണെന്നും രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
അതേസമയം, കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്. 2009 മേയ് 23 ന് ശേഷം ഇത്രയും നേരത്തെ കാലവര്‍ഷം എത്തുന്നത് ഇതാദ്യമാണ്. മഴക്കെടുതികള്‍ അറിയിക്കാന്‍ കെഎസ്ഇബി തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് 9496018377 എന്ന നമ്പരില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണ്.
കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. തിരുവനന്തപുരത്ത് മരങ്ങള്‍ കടപുഴകി വീണ് നാല്‍പതിലേറെ വീടുകള്‍ തകര്‍ന്നു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ മേല്‍ക്കൂര തകര്‍ന്നു. കൊല്ലത്തും, പത്തനംതിട്ടയിലും മരങ്ങള്‍ പൊട്ടി വീണ് വീടുകള്‍ തകര്‍ന്നു. കാലവര്‍ഷത്തിന് മുമ്പ് മരങ്ങളുടെ ശിഖിരങ്ങള്‍ വെട്ടിയൊതുക്കാത്തതിനാല്‍ അപകട ഭീഷണിയായി കൂറ്റന്‍ മരങ്ങളാണ് തിരുവനന്തപുരം നഗരത്തിലുള്ളത്.
കോട്ടയം തലനാട് ഗവണ്‍മെന്റ് എൽ.പി.സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു, കൊടുങ്ങല്ലൂരിൽ വള്ളം മറിഞ്ഞ് മേത്തല പടന്ന സ്വദേശി സന്തോഷ് മരിച്ചു. ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം. ടെട്രാപോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ചു കണ്ണമാലിയിൽ നാട്ടുകാർ കടലിൽ ഇറങ്ങി പ്രതിഷേധിച്ചു. കോഴിക്കോട് നല്ലളത്ത് 110 കെവി ലൈനിന്‍റെ ടവര്‍ ചരിഞ്ഞു. കണ്ണൂര്‍ പിണറായിയില്‍ തെങ്ങ് പൊട്ടി വീണ് ബൈക്ക് യാത്രകാരന് പരുക്കേറ്റു. പാലക്കാട് 33 കെവി ലൈനില്‍ മരം വീണതോടെ അട്ടപ്പാടി ഇരുട്ടിലായി.