കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ MSC എൽസ ത്രീ (MSC Elsa 3) എന്ന ലൈബീരിയൻ പതാകയുള്ള ചരക്കുകപ്പൽ ചരിഞ്ഞ് അപകടത്തിൽപ്പെട്ടു. വിഴിഞ്ഞത്തുനിന്ന് ഇന്നലെ ചരക്കുമായി പുറപ്പെട്ട കപ്പലാണിത്. തൂത്തുക്കുടിയിൽനിന്നാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

കപ്പൽ ചരിഞ്ഞതിനെത്തുടർന്ന് ഒൻപത് ജീവനക്കാർ ലൈഫ് ജാക്കറ്റുകളുമായി കടലിലേക്ക് ചാടി. ഇവരെ മറ്റൊരു ചരക്കുകപ്പൽ രക്ഷപ്പെടുത്തി. എന്നാൽ, 15 ജീവനക്കാർ ഇപ്പോഴും കപ്പലിൽ തുടരുകയാണ്. തീരസംരക്ഷണ സേനയും നാവികസേനയും രക്ഷാപ്രവർത്തനങ്ങൾക്കായി രംഗത്തുണ്ട്. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകൾ അപകടസ്ഥലത്തെത്തി. നാവികസേനയുടെ ഒരു കപ്പൽ ഉടൻതന്നെ അപകടസ്ഥലത്തെത്തും. തീരസംരക്ഷണ സേനയുടെ ഡോർണിയർ വിമാനവും രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്.

കപ്പലിന്റെ അവസ്ഥയും മുൻഗണനയും

കപ്പൽ 25 ഡിഗ്രിയോളം ചരിഞ്ഞ് അതീവ അപകടകരമായ അവസ്ഥയിലാണെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള മനോരമ ന്യൂസിനോട് പറഞ്ഞു. ജീവനക്കാരെ രക്ഷിക്കാനാണ് നിലവിൽ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപകടകരമായ കാർഗോ കടലിൽ

അപകടത്തിൽപ്പെട്ട കപ്പലിൽനിന്ന് അപകടകരമായ കാർഗോ കടലിൽ വീണതായി വിവരം ലഭിച്ചിട്ടുണ്ട്. ഈ കാർഗോയിൽ മറൈൻ ഗ്യാസ് ഓയിൽ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ചെറിയ തോതിൽ സൾഫർ അടങ്ങിയ എണ്ണയാണ് ഇത്.

ദുരന്ത നിവാരണ അതോറിറ്റി ഈ കാർഗോ സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഒരുകാരണവശാലും കാർഗോ തുറക്കുകയോ സ്പർശിക്കുകയോ ചെയ്യരുത്. കാർഗോ തീരത്തടിയുകയാണെങ്കിൽ പൊലീസിനെയോ 112 എന്ന നമ്പറിലോ വിളിച്ച് അറിയിക്കണം. തീരത്ത് എണ്ണപ്പാടുകൾ കണ്ടാലും തൊടരുതെന്ന് ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് നിർദേശിച്ചു.

ENGLISH SUMMARY:

The Liberian-flagged cargo vessel MSC Elsa 3, which departed from Vizhinjam yesterday, capsized 38 nautical miles off the Kerala coast. Nine crew members jumped into the sea and were rescued by another vessel, while 15 remain onboard. The Coast Guard and Indian Navy have deployed ships and aircraft for rescue. A cargo of marine gas oil containing sulfur has spilled into the sea. Authorities have warned the public not to touch any washed-up cargo or oil patches and to report sightings to police or emergency number 112.