ഹൈക്കോടതിയിലുള്ള കേസില്‍ വിധിയുണ്ടാവുന്നത് വരെ മില്‍മ തിരുവനന്തപുരം മേഖല എം.ഡി ഡോ.പി.മുരളിയെ മാറ്റിനിര്‍ത്തും. എം.ഡിയെ മാറ്റണമെന്ന തൊഴിലാളികളുടെ ആവശ്യം മന്ത്രിതല ചര്‍ച്ചയില്‍ അംഗീകരിച്ചു. എം.ഡിയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. മന്ത്രിതല ചര്‍ച്ചയിലെ ഉറപ്പിനെത്തുടര്‍ന്ന് പണിമുടക്കില്‍ നിന്നും പിന്മാറുന്നതായി തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. വിരമിച്ചയാളെ വീണ്ടും എം.ഡിയായി പുനര്‍നിയമനം നല്‍കിയതിലെ തര്‍ക്കത്തിന് താല്‍ക്കാലിക പരിഹാരം.
സര്‍ക്കാര്‍ മാനദണ്ഡം പൂര്‍ണമായും പാലിച്ചാണ് എം.ഡിയെ നിയമിച്ചതെന്നും മുന്‍കാലങ്ങളില്‍ മില്‍മയ്ക്ക് വലിയ ലാഭമുണ്ടാക്കിയ വ്യക്തിയാണ് മുരളിയെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ തുടര്‍ സമരത്തിനില്ലെന്ന് യൂണിയന്‍ നേതാക്കള്‍.
തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പാക്കിയ ആളെ വീണ്ടും എം.ഡിയാക്കിയതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതലാണ് മില്‍മയിലെ ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു വിഭാഗം തൊഴിലാളികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിതല ചര്‍ച്ച നിശ്ചയിച്ചതിനെത്തുടര്‍ന്നാണ് ആദ്യദിവസം തന്നെ പണിമുടക്കില്‍ നിന്നും പിന്മാറിയത്. സമരത്തിന് കാരണമായി നിരത്തിയ ആവശ്യങ്ങള്‍ മന്ത്രിതല ചര്‍ച്ചയില്‍ അംഗീകരിക്കുകയായിരുന്നു.