കണ്ണൂരില്‍ കനത്ത മഴയില്‍ തെങ്ങ് പൊട്ടിവീണ് ബൈക്ക് യാത്രികന് പരുക്ക്. കണ്ണൂർ പിണറായി പാറപ്രം എടക്കടവിലെ തയ്യിൽ വീട്ടിൽ ഇ. ഷിജിത്തിനാണ് പരുക്കേറ്റത്. നട്ടെല്ലിനും വാരിയെല്ലിനും പരുക്കേറ്റ ഷിജിത്തിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശ നഷ്ടങ്ങളാണുണ്ടായത്. ഡിക്കൽ കോളജിന് മുന്നിൽ മരം ഒടിഞ്ഞ് വീണ് കൊല്ലം സ്വദേശിക്ക് പരുക്കേറ്റു. ജില്ലയിൽ പന്ത്രണ്ട് വീടുകൾ പൂർണമായും 31 വീടുകൾ ഭാഗികമായും തകർന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നൂറിലധികം ഇടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. പെരുമ്പഴുതൂർ സ്വദേശിയായ കുട്ടപ്പന്‍റെ വീട്ടിലേക്ക് രണ്ട് മരങ്ങളാണ് ഒടിഞ്ഞു വീണത്.
തിരുവനന്തപുരം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗവും മഴയില്‍ തകര്‍ന്നു. കൊല്ലം പുനലൂരില്‍ മരംവീണ് വീട് തകര്‍ന്നു. ഇടമുളയ്ക്കലില്‍ മതില്‍ ഇടിഞ്ഞുവീണു. തണ്ണിത്തോട്ടിലും വീടിന് മുകളിലേക്ക് മരം വീണു. ഇടുക്കി വാളറയ്ക്ക് സമീപം ആറാംമൈലില്‍ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു.
കൊടുങ്ങല്ലൂര്‍ കാഞ്ഞിരപ്പുഴയില്‍ വള്ളം മറിഞ്ഞ് രണ്ടുപേരെ കാണാതാകുകയും തൃശൂര്‍ കാഞ്ഞിരക്കോട് ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നുവീണു വീട്ടുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തൃശൂർ– എറണാകുളം ദേശീയപാതയിൽ വൻ ഗതാഗത കുരുക്കും തുടരുകയാണ്. ആംബുലൻസുകൾക്ക് പോലും പോകാൻ കഴിയാത്ത രീതിയിൽ ഗതാഗതം സ്തംഭിച്ചരിക്കുകയാണ്. കോഴിക്കോട് നല്ലളത്ത് 110 കെവി ലൈന്‍ ടവര്‍ ചെരിഞ്ഞു. ലൈന്‍ നിലംപൊത്താതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.