കാസര്‍കോട് ദേശീയപാതയില്‍ 101 ഇടങ്ങള്‍ പ്രശ്നബാധിതമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേശീയപാതയിലെ അപകട സാധ്യത വിലയിരുത്താൻ കലക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ഇന്ന് ചേരും. ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള വീരമലക്കുന്ന്, മട്ടലായി കുന്ന്, ബേവിഞ്ച, ചട്ടഞ്ചാൽ എന്നിവിടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തും.
അപകടസാധ്യത ഉണ്ടെങ്കിൽ ജനങ്ങളെ മാറ്റി പാർപ്പിക്കാൻ ക്യാമ്പുകൾ തയ്യാറാക്കാൻ കലക്ടർ നിർദ്ദേശിച്ചിരുന്നു. ഹൊസ്ദുർഗ്, കാസർകോട്, മഞ്ചേശ്വരം തഹസിൽദാർമാരുടെ നേതൃത്വത്തിൽ ഫീൽഡ് സ്ക്വാഡിനെ സജ്ജമാക്കിയിട്ടുണ്ട്. ഇന്നത്തെ യോഗത്തിന് ശേഷമാകും കൂടുതൽ നടപടികൾ തീരുമാനിക്കുക.
നേരത്തെ, കാസർകോട് ജില്ലയിൽ ദേശീയപാത കടന്നുപോകുന്ന 56 ഇടങ്ങളിൽ അപകട സാധ്യതയുള്ളതായി ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കാലവര്‍ഷത്തിന് മുന്‍പേ ഇത് പരിഹരിക്കണമെന്ന് കരാര്‍ കമ്പനിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
അതേസമയം, കാസർകോട് ദേശീയപാത നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ച മട്ടലായില്‍ റോഡ് തകര്‍ച്ചയുടെ വക്കിലാണ്. കഴിഞ്ഞ ദിവസത്തെ മഴയിൽ റോഡിനടിയിൽ നിന്നും വലിയ അളവിൽ മണ്ണ് ഒഴുകിപ്പോയത്. പ്രദേശത്ത് വയൽ നികത്തിയാണ് ദേശീയപാത നിർമ്മാണം. എന്നാൽ ചിലയിടങ്ങളിൽ സംരക്ഷണഭിത്തിയില്ല. ഇത്തരത്തിൽ ഭിത്തിയില്ലാത്ത ഭാഗത്തുനിന്നാണ് മണ്ണൊലിച്ച് പോയത്.