സംസ്ഥാനമൊട്ടുക്ക് പെരുമഴക്കാലം. കാലവർഷം ഇന്നു തന്നെ കേരള തീരത്ത് പ്രവേശിച്ചേക്കും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് ഉണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. 6 ദിവസം കനത്ത മഴ തുടരും. കേരളം, കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനം വിലക്കി. ഇന്ന് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.
തീവ്ര മഴ മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും. ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. മണ്ണിടിച്ചൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചിട്ടുണ്ട്. റെഡ് അലർട്ട് പ്രഖ്യാപിച്ച തിങ്കളാഴ്ച രാത്രി ഏഴു മുതൽ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു. ചൊവ്വഴ്ച വരെയാണ് നിരോധനം. മഴ കനത്താൽ അടിയന്തര സാഹചര്യം നേരിടാൻ ദുരന്തനിവാരണ സേന സജ്ജമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
മുന്നറിയിപ്പ്
* പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ഗതാഗതക്കുരുക്ക് ഉണ്ടാകാം.
* താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
* മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
* വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
* ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.
* മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്.
നിർദേശങ്ങൾ
* ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക
* അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.