തിരുവനന്തപുരം ജില്ലയില്‍ അരുവിക്കരഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 20 സെന്റിമീറ്റർ വീതം ഉയർത്തി. 1 മുതൽ 5 വരെയുള്ള ഷട്ടറുകളാണ് ഉയര്‍ത്തുന്നത്. ഡാമിന്റെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ശക്തമായ കാറ്റിലും മഴയിലും തിരുവനന്തപുരം ജില്ലയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മെഡിക്കൽ കോളജിന് മുന്നിൽ മരം ഒടിഞ്ഞ് വീണ് കൊല്ലം സ്വദേശിക്ക് പരുക്കേറ്റു. ഇദ്ദേഹം മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ജില്ലയിൽ 12 വീടുകൾ പൂർണമായും 31 ഭാഗികമായും തകർന്നു. നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിൽ നൂറിലധികം ഇടങ്ങളിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു.
പലയിടത്തും മരം വീഴ്ചയിൽ വൈദ്യുതിത്തൂണുകൾ നിലംപൊത്തിയതിനെത്തുടർന്ന് വൈദ്യുതി ബന്ധം തടസപ്പെട്ടു. പെരുമ്പഴുതൂർ സ്വദേശിയായ കുട്ടപ്പന്‍റെ വീട്ടിലേക്ക് രണ്ട് മരങ്ങളാണ് ഒടിഞ്ഞു വീണത്. വീട്ടിനുള്ളിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ കുടുംബാംഗങ്ങൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ചെമ്പഴന്തി, പാച്ചല്ലൂർ, ചാവടിനട, വെങ്ങാനൂർ, പനത്തുറ, കമലേശ്വരം എന്നിവിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. പലയിടത്തും രാത്രിയിൽ നഷ്ടപ്പെട്ട വൈദ്യുതി ബന്ധം ഇതുവരെ പുനസ്ഥാപിക്കാനായില്ല. രാത്രിയിൽ മരം വീഴ്ച സംബന്ധിച്ച് ഇരുന്നൂറിലേറെ വിളികൾ വന്നതായി അഗ്നിശമന സേന അറിയിച്ചു.
അതേസമയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട് നിലവിലുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാലവർഷം ഇന്നു തന്നെ കേരള തീരത്ത് പ്രവേശിച്ചേക്കും. ആറു ദിവസം കനത്ത മഴ തുടരും. കേരളം, കർണാടക , ലക്ഷദ്വീപ് തീരങ്ങളിൽ 27 വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.