TOPICS COVERED

സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന് 22 നാണ് വയനാട്ടില്‍ തുടക്കമായത്. കല്‍പറ്റ എസ്‌.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് 24 ന് എന്‍റെ കേരളം പ്രദര്‍ശന– വിപണന മേളയ്ക്കും ആരംഭമായി. 44385 ചതുരശ്രഅടിയില്‍ ക്രമീകരിച്ച പവലിയനില്‍ 200 ലധികം ശിതീകരിച്ച സ്റ്റാളുകളിലാണ് പ്രദര്‍ശനമൊരുക്കിയത്

ഒമ്പത് വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ലോകത്തിനു മുന്നിലെത്തിക്കാനാണ് 85 ഡിപ്പാര്‍മെന്‍റുകളുടെ സ്റ്റാളുകള്‍. സ്റ്റാര്‍ട്ടപ്പു മിഷന്‍, പൊതുമരാമത്ത്, ടൂറിസം, കിഫ്‌ബി, കായികം , ജയില്‍, വനം വകുപ്പ് അടക്കമുള്ള വിവിധ സ്റ്റാളുകള്‍. പ്രദര്‍ശനമേളയുടെ പ്രധാനഗേറ്റിനു മുന്നിലൊരുക്കിയ ബെയ്‌ലി പാലത്തിന്‍റെ മാതൃക കടന്നാണ് സ്റ്റാളുകളിലേക്കെത്തുക

കായിക വകുപ്പിന്‍റെ വിവിധ പ്രവര്‍ത്തികളൊരുക്കിയ സ്റ്റാളാണ് ആദ്യം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഗെയ്‌മിങ് പ്ലോട്ടും ഇവിടെ ഒരുക്കിയിട്ടുണ്ട്. മണ്‍കലങ്ങങ്ങളും മണ്ണുല്‍പന്നങ്ങളും കാണാമറയത്താകുന്ന കാലമാണ്. അതിനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ പട്ടിണിയിലാകുന്ന കാലം. അവരുടെ അധ്വാനത്തെ ജനങ്ങളിലെത്തിക്കാന്‍ ഒരിടമൊരുക്കിയിട്ടുണ്ട്

ചൂരല്‍മലയില്‍ പുനര്‍നിര്‍മിക്കാനിരിക്കുന്ന പാലത്തിന്‍റെ മാതൃകയൊരുക്കിയ പൊതുമരാമത്തിന്‍റെ സ്റ്റാളുമുണ്ട്.

സ്കൂളിനടുത്ത് മണ്ണിടിച്ചിലോ വന്യജീവി സാന്നിധ്യമോ ഉണ്ടായാല്‍ മുന്നറിയിപ്പ് തരുന്ന AI BASED SMART CITY പദ്ധതിയുമായി ലൂര്‍ദ് മാതാ ഹയര്‍സെക്കന്‍ററി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ സ്റ്റാളിലുണ്ട്

​​ചൂരല്‍മലയിലേയും മുണ്ടകൈയിലേയും രക്ഷാ പ്രവര്‍ത്തനം കാണിച്ച് അഗ്നിരക്ഷാസേനയുടെ പ്രദര്‍ശനം. ​ജയിലെങ്ങനെ, തൂക്കിലേറ്റുന്നത് എങ്ങനെ..എല്ലാം വിശദീകരിച്ച് ജയില്‍വകുപ്പിന്‍റെയും പ്രദര്‍ശനമുണ്ട്. എകെജിയുടേയും പിണറായി വിജയന്‍റെയും അക്കാലത്തെ ജയില്‍കുറിപ്പുകളും ഇവിടെയുണ്ട്. 

​ഭക്ഷ്യമേളയും സാസ്‌കാരിക മേളയും പ്രദര്‍ശനമേളയുടെ ഭാഗമായുണ്ട്. ആല്‍മരം ബാന്‍ഡും സാമിര്‍ ബിന്‍സിയുടേയും കൃഷ്‌ണപ്രഭ ഒരുക്കുന്ന ബാന്‍ഡുമെല്ലാം തുറന്ന വേദിയില്‍ ഒരുക്കിയിട്ടുണ്ട്. ഈ മാസം 28 വരേയാണ് മേള. നേരത്തെ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല സംഗമത്തില്‍ വയനാട്ടെ 600 ഓളം പൗരപ്രമുഖരുമായി മുഖ്യമന്ത്രി സംവദിച്ചിരുന്നു. അന്നേ ദിവസം തന്നെ ഭൂരഹിതരായ 123 കുടുംബങ്ങള്‍ക്ക് പരൂര്‍കുന്നില്‍ ഒരുക്കിയ വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചിരുന്നു