ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്. അഴിയൂരിൽ നിന്ന് വെങ്ങളം വരെയുള്ള ദേശീയപാത നിർമ്മാണക്കരാർ അദാനി ഗ്രൂപ്പിന് ലഭിച്ചത് വഴി വൻ അഴിമതി നടന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. രേഖകൾ സഹിതം എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
അഴിയൂർ - വെങ്ങളം വരെയുള്ള 40.8 കിലോമീറ്റർ ദേശീയപാത ആറുവരിയാക്കുന്നതിനുള്ള നിർമ്മാണക്കരാർ അദാനി എന്റർപ്രൈസസിന് ലഭിച്ചത് 1838 കോടി രൂപയ്ക്കാണ്. അതായത്, ഒരു കിലോമീറ്ററിന് 45 കോടി രൂപ ചെലവ് വരും. എന്നാൽ, ഈ കരാർ അദാനി ഗ്രൂപ്പ്, വഗാഡ് ഇൻഫ്രാ പ്രോജക്ട്സ് എന്ന കമ്പനിക്ക് 971 കോടി രൂപയ്ക്ക് മറിച്ചുനൽകി എന്നാണ് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഇതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ദേശീയപാതയുടെ പേരിൽ വൻ അഴിമതി നടത്തുകയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഈ വിഷയത്തിൽ വിശദമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ ദേശീയ പാതയില്‍ മൂന്നിടത്ത് കൂടി വിള്ളല്‍. കോഴിക്കോട് തിരുവങ്ങൂരും ചെറുകുളത്തും വിള്ളല്‍ കണ്ടതിന് പുറമെ കണ്ണൂര്‍ പയ്യന്നൂരിലാണ് വിള്ളല്‍ പ്രത്യക്ഷപ്പെട്ടത്. പയ്യന്നൂര്‍ കോത്തായി മുക്കിനും പുതിയങ്കാവിനും സമീപത്താണ് ഏറ്റവും ഒടുവില്‍ വിള്ളല്‍ കണ്ടെത്തിയത്. ഭൂനിരപ്പിൽ നിന്നും മീറ്ററുകളോളം മണ്ണിട്ടുയർത്തി നിർമിച്ച റോഡിൽ 20 മീറ്റർ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്.
കോഴിക്കോട് തിരുവങ്ങൂര്‍ മേല്‍പ്പാലത്തില്‍ 400 മീറ്റര്‍ ദൂരത്തിലാണ് വിള്ളല്‍ കണ്ടത്. ഇന്നലെ രാത്രിയുണ്ടായ വിള്ളല്‍ പുലര്‍ച്ചെ തൊഴിലാളികളെത്തി ടാറിട്ട് അടച്ചു. ചെറുകുളം അടിപ്പാതയ്ക്ക് താഴെയുണ്ടായ വിള്ളലിലൂടെ മഴ വെള്ളം ചോര്‍ന്നൊലിക്കുന്നുണ്ട്. സിമന്‍റ് അടര്‍ന്നുവീണതായും കാണാം. മലപ്പുറം കൂരിയാട് ഉണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ കടുത്ത ആശങ്കയിലാണ് നാട്ടുകാര്‍.
അതേസമയം, കേരളത്തിലെ ദേശീയപാതകളുടെ തകർച്ചയിൽ ദേശീയപാതാ അതോറിറ്റിയെ വിമർശിച്ച് ഹൈക്കോടതി. ദേശീയപാതയിൽ സംഭവിച്ചതിൽ സംസ്ഥാനത്തിന് ഒട്ടും സന്തോഷമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയപാതയ്ക്കായി ജനങ്ങൾ ക്ഷമാപൂർവ്വം കാത്തിരിക്കുകയായിരുന്നു. എല്ലാം ശരിയായി വരുന്നു എന്ന് കരുതിയപ്പോഴാണ് ഇത്തരത്തിൽ സംഭവിച്ചതെന്നും ഹൈക്കോടതി പറഞ്ഞു.
ദേശീയപാതയിൽ സംഭവിച്ചത് എന്താണെന്ന് തങ്ങൾക്ക് അറിവുണ്ടെന്നും, മോശമായ അവസ്ഥയിലാണ് കാര്യങ്ങളെന്നും ദേശീയപാത അതോറിറ്റി വിശദീകരിച്ചു. കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റിയുടെ അഭിഭാഷകൻ അറിയിച്ചു. വ്യാഴാഴ്ചകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.