ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ വീണ്ടും പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. രാഷ്ട്രീയ ലാഭം നേടാനായി യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നും യു.ഡി.എഫ് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം മുടങ്ങിയ പദ്ധതിയാണെന്നും ഫെയ്സ്ബുക്കിലൂടെ മന്ത്രി പ്രതികരിച്ചു. റീല്‍സ് ഇടുന്നത് അവസാനിപ്പിക്കില്ല അത് തുടരുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് റീല്‍സ് ഇടുന്നത്. ദേശീയപാത വികസനത്തില്‍ കേരളത്തിന്റെ റോള്‍ പറഞ്ഞുകൊണ്ടേ ഇരിക്കും അദ്ദേഹം പറയുന്നു.
യുഡിഎഫ് ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയാണ് ദേശീയപാത വികസനം. ഈ പദ്ധതിയെ തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ യുഡിഎഫ് പൂർത്തീകരണ ഘട്ടത്തിൽ ഈ സാഹചര്യത്തെ സുവർണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ് എന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. മലപ്പുറം കൂരിയാട് ദേശീയപാതയും ഇടിഞ്ഞ് താണിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിള്ളൽ കണ്ടെത്തിയ ഭാഗം അധികൃതർ ടാറിട്ട് മൂടിയിരുന്നു