വഖഫ് ആണോ എന്ന തര്‍ക്കം നിലനില്‍ക്കുന്ന മുനമ്പത്തെ ഭൂമിയില്‍ നിന്ന് താമസക്കാരെ കുടിയൊഴിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍. മുനമ്പത്തുകാരുടെ റവന്യു അവകാശങ്ങള്‍ സ്ഥാപിച്ചു നല്‍കണം. വഖഫ് ഭൂമിയാണെന്ന് ട്രൈബ്യൂണല്‍ വിധിച്ചാല്‍ പൊതുജനതാല്‍പര്യാര്‍ഥം ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണമെന്നും ജുഡീഷ്യല്‍ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. കമ്മിഷന്‍ അടുത്ത ആഴ്ച്ച മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
മുനമ്പം ജനതയ്ക്ക് ആശ്വാസമാകുന്ന നിര്‍ദേശങ്ങളാണ് ഭൂമി പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍റെ റിപ്പോര്‍ട്ടിലുണ്ടാകുക. മുനമ്പത്തെ ജനതയെ കുടിയൊഴിപ്പിക്കുക പ്രായോഗികമല്ലെന്ന് കമ്മിഷന്‍ പറയുന്നു. വഖഫ് ബോര്‍ഡുമായും ഫറൂഖ് കോളേജുമായും സര്‍ക്കാര്‍ സമവായ ചര്‍ച്ച നടത്തണം. ഭൂമിയിലെ റവന്യു അവകാശങ്ങള്‍ മുനമ്പത്തുകാര്‍ക്ക് പുന:സ്ഥാപിച്ചു നല്‍കണം.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ട്രൈബ്യൂണല്‍ വിധിച്ചാല്‍ ഉടന്‍ തന്നെ സര്‍ക്കാര്‍ ഇടപെടണം. പൊതുജനതാല്‍പര്യാര്‍ഥം വഖഫ് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം സര്‍ക്കാര്‍ പ്രയോഗിക്കണം. ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം ഉറപ്പാക്കണം. മുനമ്പത്തേത് വഖഫ് ഭൂമിയാണോ എന്നതിനെപ്പറ്റി ജുഡീഷ്യല്‍ കമ്മിഷന്‍ അഭിപ്രായം പറഞ്ഞിട്ടില്ല. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മുനമ്പം സമരസമിതി സ്വാഗതം ചെയ്തു.
ജുഡീഷ്യല്‍ കമ്മിഷന്‍റെ കാലാവധി ഈ മാസം അവസാനിക്കും. മുനമ്പത്തെ 404 ഏക്കര്‍ ഭൂമി വഖഫ് ആണെന്നു കാണിച്ചു വഖഫ് ബോര്‍ഡ് നോട്ടിസ് നല്‍കിയതോടെയാണ് തര്‍ക്കം ഉടലെടുത്തത്. മുനമ്പത്തെ സമരസമിതി നടത്തുന്ന റിലേ നിരാഹാര സമരം 222 ആം ദിവസത്തിലെത്തി. ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി അനുമതിയോടെ മാത്രമേ സര്‍ക്കാരിന് തുടര്‍ നടപടി സ്വീകരിക്കാനാവൂ.