വെള്ള പുതച്ചുകിടത്തിയ കുഞ്ഞുകല്യാണിയുടെ മൃതദേഹത്തിലേക്ക് അച്ഛന്‍ അവള്‍ക്കായി വാങ്ങിവെച്ച ജീന്‍സും ഷര്‍ട്ടും തൊപ്പിയും വച്ചപ്പോള്‍ കണ്ടുനിന്നവരെല്ലാം വിതുമ്പി. ഓടിക്കളിച്ച മുറ്റത്ത് തണുത്തുമരവിച്ച് കല്യാണിമോള്‍, ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും ആ കാഴ്ച്ച കണ്ടുനില്‍ക്കാനായില്ല. മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. കൂടിനിന്ന കൂട്ടുകാരെല്ലാം അലമുറയിട്ടു കരഞ്ഞു. ഒടുവില്‍ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി തിരുവാണിയൂര്‍ ശ്മശാനത്തില്‍ സംസ്കരിച്ചു.

അമ്മ സന്ധ്യ കല്യാണിയേയും ചേട്ടനേയും ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കളും പിതാവും പറയുന്നു. സന്ധ്യയ്ക്ക് മാനസിക പ്രശ്നങ്ങളൊന്നുമില്ലെന്നും ടോര്‍ച്ചുകൊണ്ട് തലയ്ക്കടിക്കുക, ഐസ്ക്രീമില്‍ വിഷം കലര്‍ത്തുക അങ്ങനെ  പല രീതിയില്‍ കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അകാരണമായി കുട്ടികളെ അടിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത് സന്ധ്യയുടെ രീതിയായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

അങ്കണവാടിയില്‍ ഉച്ചയുറക്കം കഴിഞ്ഞ് പാല്‍ കുടിക്കുന്ന സമയത്താണ് സന്ധ്യ കുഞ്ഞിനെ തേടിയെത്തിയതെന്ന് അധ്യാപിക പറയുന്നു.അധ്യയനവര്‍ഷം കഴിഞ്ഞ് എല്‍കെജിയിലേക്ക് പോകാനുള്ള കുട്ടികള്‍ക്ക് യാത്രയയപ്പു നല്‍കാനുള്ള ഒരുക്കത്തിലായിരുന്നു തിരുവാണിയൂര്‍ പഞ്ചായത്ത് പണിക്കരുപടി അങ്കണവാടി. 

സന്തോഷത്തോടെ പാലും ഗോതമ്പു ഉപ്പുമാവും ഒരു ലഡുവും കഴിച്ച ശേഷമാണ് കല്യാണിക്കുട്ടി അമ്മയ്ക്കൊപ്പം പോയത്. ഇന്നലെ മുഴുവന്‍ അവളുടെ വിയോഗത്തെത്തുടര്‍ന്ന് അങ്കണവാടി ഗേറ്റില്‍ ഒരു കറുത്ത കൊടി കാണാമായിരുന്നു. മാമല എസ്എന്‍എല്‍പി സ്കൂളില്‍ എല്‍കെജിയിലേക്ക് അഡ്മിഷന്‍ എടുത്തു പോകാന്‍ കാത്തിരിക്കുമ്പോഴാണ് ജീവനേകിയ അമ്മ തന്നെ ആ കുഞ്ഞുമോളുടെ ജീവനെടുത്തത്.  ഒടുവില്‍ കല്യാണിയെത്തി അമ്മയുടെ ക്രൂരതയില്ലാത്ത ലോകത്തേക്ക്...

ENGLISH SUMMARY:

When the father placed the jeans, shirt, and cap he had bought for his little Kalyani on her body, now lying covered in a white shroud, everyone watching broke down in tears. Kalyani, who once ran and played in the courtyard, now lay cold and lifeless — a sight too painful for her relatives and neighbors to bear. The body was brought home around 3:30, and a large crowd had gathered to pay their last respects.