തിരുവനന്തപുരത്തെ സ്മാര്‍ട് റോഡിന്‍റെ ക്രെഡിറ്റിനെ പറ്റി മന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. അസംബന്ധമാണ് പ്രചരിക്കുന്നതെന്നും രാഷ്ട്രീയ ലക്ഷ്യമാണ് വാര്‍ത്തകള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് ആരോപിക്കുന്നു. സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ശോഭ കെടുത്താനാണ് ശ്രമമെന്നും വിശദീകരണത്തില്‍ പറയുന്നു. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് മേയ് 16ന് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്ന മൂന്ന് പരിപാടികള്‍ റദ്ദാക്കിയതെന്നും വിശദീകരണം.
സ്മാര്‍ട് റോഡിന്‍റെ ഉദ്ഘാടന പോസ്റ്ററുകളില്‍ നിന്ന് തന്നെ ഒഴിവാക്കിയതില്‍ തദ്ദേശ മന്ത്രി എം.ബി.രാജേഷ് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പണം ചെലവാക്കിയ തദ്ദേശ വകുപ്പിനെയും കോര്‍പറേഷനെയും ഒടുവില്‍ അവഗണിച്ചുവെന്നാണ് പരാതി ഉയര്‍ന്നത്. ഇതോടെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി വിട്ടുനില്‍ക്കുകയായിരുന്നു.
തിരുവനന്തപുരം നഗരത്തിലെ 12 റോഡുകളാണ് സ്മാർട് നിലവാരത്തിൽ പുനർനിർമിച്ചത്. സ്മാര്‍ട് സിറ്റി ഫണ്ട് ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റ് വെളിച്ചം 'ബ്രൈറ്റ് മോഡിൽ' ആണെങ്കിലും എതിർവശത്തെ വാഹന ഡ്രൈവർമാരുടെ കാഴ്ച മറയാത്ത തരത്തിൽ ഡിവൈഡറുകളിൽ ആന്റി ഗ്ലെയർ, വൈകിട്ട് 6 ന് തനിയെ ഓൺ ആകുകയും രാവിലെ 6ന് ഓഫ് ആകുകയും ചെയ്യുന്ന തെരുവു വിളക്കുകൾ, കാഴ്ചപരിമിതർക്കു പരസഹായം കൂടാതെ സഞ്ചരിക്കാൻ ടോക് ടൈൽസ് പാകിയ നടപ്പാതകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.