കാലവര്‍ഷം എത്തുന്നതിന് മുന്‍പാണ് സംസ്ഥാനത്ത് പലയിടത്തും മഴ കനക്കുന്നത്. വടക്കന്‍ കേരളത്തില്‍ പലയിടത്തും റോഡുകള്‍ വെള്ളത്തില്‍ മുങ്ങിയതോടെ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വെള്ളയില്‍ കനത്ത മഴയില്‍ തോണി മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മരിച്ചു. പത്തനംതിട്ടയില്‍ ചൂണ്ടയിടാന്‍ പോയ ഒരാളെ കാണാതായി.
രാത്രി മുതല്‍ രാവിലെ വരെ മഴ പെയ്തതോടെ കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷനും കോട്ടൂളിയും വെള്ളത്തില്‍ മുങ്ങി. ഇരുചക്രവാഹനങ്ങള്‍ വെള്ളം കയറി നിന്നു. രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കാല്‍നടയാത്ര പോലും അസാധ്യമായി.
നാദാപുരം ചെക്യാട് ഇടിമിന്നലേറ്റ് വീടുകളുടെ വയറിങ് പൊട്ടിത്തെറിച്ചു. വളയത്ത് മിനിസ്റ്റേഡിയത്തിന്‍റെ മതില്‍തകര്‍ന്നു. കൊയിലാണ്ടിയില്‍ കടലില്‍ പോയ മല്‍സ്യബന്ധന വള്ളം തകര്‍ന്നു. തൊഴിലാളികളെ രക്ഷപ്പെടുത്തി. കോട്ടയം തീക്കോയി പഞ്ചായത്തിലെ മാര്‍മല അരുവിയില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് വീടിന് മുകളില്‍ മരം വീണ് മേല്‍ക്കൂര തകര്‍ന്നു. തലശേരി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കടകളില്‍ വെള്ളം കയറി. തൃശൂര്‍ ചാവക്കാട് വൈദ്യുതി കാല്‍ പൊട്ടി വീണ് അപകടമുണ്ടായി.