പുതിയ സ്റ്റാന്‍ഡിലെ വന്‍ തീപിടുത്തം കോഴിക്കോട് നഗരത്തെ നടുക്കുമ്പോഴും ഏറ്റവുമാദ്യം ഓടിയെത്തേണ്ട ബീച്ചിലെ താല്‍ക്കാലിക അഗ്നിരക്ഷാസേനാ യൂണിറ്റിന് പ്രതിസന്ധികള്‍ ഏറെയാണ്. അഞ്ച് യൂണിറ്റുകള്‍ സ്വന്തമായുണ്ടായിരുന്നു ബീച്ചിലെ അഗ്നിരക്ഷാസേന യൂണിറ്റിന്‍റെ കരുത്ത് കോര്‍പ്പറേഷന്‍ വെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്ക് കാരണം.
പൊളിയാറായ വാടക കെട്ടിടം. ഒരുവശത്ത് കാടുകയറി മരം വളര്‍ന്നുനില്‍ക്കുന്നു. കെട്ടിടത്തിന്‍റെ തൊട്ട് മുന്നിലെ പ്ലാസ്റ്റിക് ഷെഡില്‍ രണ്ട് യൂണിറ്റ് വാഹനങ്ങളുണ്ട്. ഒന്ന് തീയണയ്ക്കാനും മറ്റൊന്നും റോഡ് അപകടങ്ങള്‍ക്കും. നഗരത്തില്‍ എവിടെ തീപിടുത്തം ഉണ്ടായാലും ആദ്യം ഓടിയെത്തുക താല്‍ക്കാലികമായുള്ള ബീച്ച് അഗ്നിരക്ഷാ നിലയത്തിലെ ഈ ഒരൊറ്റ യൂണിറ്റാണ്.
അഞ്ച് യൂണിറ്റ് ഫയര്‍ എന്‍ജിനുകളുണ്ടായിരുന്നു ഒരുകാലത്ത് ഇവിടെ. നഗരത്തില്‍ എന്ത് സംഭവിച്ചാലും ആദ്യം ഓടിയെത്തുന്നതും ഇവിടെ നിന്നായിരുന്നു. എന്നാല്‍ സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യക്കുറവും കണക്കാക്കി നാല് യൂണിറ്റുകള്‍ വെള്ളിമാടികുന്ന്, മീഞ്ചന്ത എന്നീ സ്റ്റേഷനുകളിലേക്ക് മാറ്റി. അതോടെ 55 ജീവനക്കാരെ വെട്ടിചുരുക്കി 25 ആക്കി.
കെട്ടിട നിര്‍മാണത്തിനായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്താനാവാത്തത് പ്രതിസന്ധിയാണ്. മിഠായിതെരുവ്, ബീച്ച്, പാളയം മാര്‍ക്കറ്റ് തുടങ്ങിയ ജനസാന്ദ്രതയേറിയ മേഖലയില്‍ കൂടുതല്‍ അഗ്നിരക്ഷാസേനയൂണിറ്റുകളെയും ജീവനക്കാരെയും നിയോഗിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാകും ഭാവിയില്‍ ക്ഷണിച്ചുവരുത്തുക.