kozhikode-fireN

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ  തീപ്പിടുത്തത്തിൽ  25 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി അഗ്നി രക്ഷാ സേനയുടെ പ്രാഥമിക നിഗമനം. തീ പിടുത്തമുണ്ടായപ്പോൾ അഗ്നി രക്ഷാസേന എത്താൻ വൈകിയിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.തീപ്പിടുത്തതിന്‍റെ കാരണം വ്യക്തമാക്കി ജില്ല കലക്ടർ ചീഫ് സെക്രട്ടറിക്ക് ഇന്ന് റിപ്പോർട്ട് നൽകും

കാലിക്കറ്റ് ടെക്സ്റ്റൈൽസിലും അനുബന്ധ കടകളിലും ഉണ്ടായ ആകെ നഷ്ടത്തിന്റെ കണക്കാണ് 25 കോടി. 75 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് വ്യാപാരികൾ പറയുന്നതിനിടെയാണ് അഗ്നി ശമന സേനയുടെ പ്രാഥമിക നിഗമനം. എന്നാൽ 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നായിരുന്നു കസബ പൊലീസിന്റെ കണക്ക്. പുതിയ ബസ് സ്റ്റാന്‍ഡിലെ തീപ്പിടുത്തം വ്യാപിക്കാൻ കാരണം തുണികളെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അനധികൃതമായുള്ള ഷട്ടറുകളും റാക്കുകളും രക്ഷാ ദൗത്യത്തിന് വെല്ലുവിളിയായി. തീ കെടുത്താൻ വൈകിയതും തുണിത്തരങ്ങൾ കാരണമെന്നും അഗ്നി ശമന സേനയുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്. അശാസ്ത്രീയ നിർമാണവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 

തീയണക്കാൻ  അഗ്നിശമന സേന എത്താൻ വൈകിയെന്ന ആക്ഷേപവും റിപ്പോർട്ടിൽ നിഷേധിക്കുന്നുണ്ട്. 5.05 ന് തീപ്പിടുത്ത വിവരം ലഭിച്ചു.5.06 ന് പുറപ്പെട്ടു 5:08 ന് ആദ്യ യൂണിറ്റ് തീപ്പിടുത്ത സ്ഥലത്ത് എത്തിയെന്നും കോഴികോട്   ജില്ല കലക്ടർക്ക്  അഗ്നിശമന സേന നൽകിയ  അന്വേഷണ റിപ്പോർട്ടിലുണ്ട്. തീപ്പിടുത്ത പശ്ചാത്തലത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം കലക്ടറുടെ ചേമ്പറിൽ ചേർന്നു. വിവിധ വകുപ്പുകളുടെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയായി. ഇതെല്ലാം ക്രോഡികരിച്ചാവും ജില്ലാ കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിക്കുക 

ENGLISH SUMMARY:

The preliminary assessment by the Fire and Rescue Department estimates a loss of ₹25 crore in the fire at the new Kozhikode bus stand. The investigation report mentions that there was no delay in the arrival of the fire force. The District Collector will submit a report to the Chief Secretary today, explaining the cause of the fire.