സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ദേശീയപാതയില്‍ വീണ്ടും വിളളല്‍. കാസര്‍കോടും മലപ്പുറത്തുമാണ് വിളളല്‍ കണ്ടെത്തിയത്. മലപ്പുറം തലപ്പാറയില്‍ ഇന്നലെ ദേശീയപാത തകര്‍ന്ന കൂരിയാടിന് സമീപമാണ് റോഡ് തകര്‍ന്നത്.മണ്ണിട്ട് ഉയര്‍ത്തിയ ഭാഗത്താണ് വിള്ളല്‍ കണ്ടെത്തിയത്. കാസര്‍കോട് കാഞ്ഞങ്ങാട് ദേശീയപാത ഇടിഞ്ഞു. മാവുങ്കാല്‍–ചെമ്മട്ടവയല്‍ സര്‍വീസ് റോഡ് ആണ് ഇടിഞ്ഞത്.
ഇതോടെ ജില്ലാ ആശുപത്രിക്ക് മുന്നില്‍ വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടു. ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന കണ്ണൂര്‍ പാപ്പിനിശേരി വേളാപുരത്ത് കനത്ത വെള്ളക്കെട്ട് ഉണ്ടായി. അതേസമയം, നിര്‍മാണത്തില്‍ അശാസ്ത്രീയത ഇല്ലെന്ന് എന്‍എച്ച്എഐ വ്യക്തമാക്കി. കനത്തമഴയെ തുടര്‍ന്ന് അടിത്തറയിലുണ്ടായ സമ്മര്‍ദമെന്ന് റോഡ് തകരാന്‍ കാരണമായതെന്ന് പ്രോജക്ട് ഡയറക്ടര്‍ അന്‍ഷുള്‍ ശര്‍മ പറഞ്ഞു. സമ്മര്‍ദം മൂലം വയല്‍ വികസിച്ച് വിള്ളലുണ്ടായി മണ്ണ് തെന്നിമാറി. നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു .
കൂരിയാട് ദേശീയപാത ഇടിഞ്ഞ സ്ഥലം വിദഗ്ധസംഘം നാളെ സന്ദര്‍ശിക്കുമെന്ന് മലപ്പുറം കലക്ടര്‍ വി.ആര്‍.വിനോദ് അറിയിച്ചു. മൂന്നംഗ വിദഗ്ധസമിതിയെ എന്‍എച്ച്എഐ നിയോഗിച്ചു. നാളെത്തന്നെ റിപ്പോര്‍ട്ട് നല്‍കും. ഗതാഗതം വഴിതിരിച്ച് വിടുമെന്നും കലക്ടര്‍ അറിയിച്ചു.