ഇഡി ഉദ്യോഗസ്ഥൻ പ്രതിയായ കൈക്കൂലിക്കേസിൽ തനിക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന് ഭയക്കുന്നതായി പരാതിക്കാരൻ അനീഷ് ബാബു. തനിക്കെതിരെ ഇ.ഡി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അനീഷ് ബാബു മനോരമ ന്യൂസിനോട് പറഞ്ഞു. ഇടനിലക്കാരൻ വിത്സണുമായി അനീഷ് ബാബു നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു.
ഗുരുതരമായ ആരോപണങ്ങളായിരുന്നു പരാതിക്കാരൻ അനീഷ് ബാബുവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉന്നയിച്ചിരുന്നത്. ഇഡിയുടെ പ്രതിച്ഛായ തകർക്കാനാണ് അനീഷ് ബാബുവിന്റെ നീക്കം. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇയാൾ പറയുന്നത്. ആവർത്തിച്ചുള്ള സമൻസ് നൽകിയിട്ടും, അനീഷ് ബാബുവും, കുടുംബവും ഹാജരായില്ലെന്നും ഇഡി ആരോപിച്ചു. ഇതിന് പിന്നാലെയാണ് ഇഡിയുടെ ആരോപണങ്ങൾ തെറ്റെന്ന് അനീഷ് ബാബു മനോരമ ന്യൂസിനോട് പ്രതികരിച്ചത്. കൃത്യമായി ബോധ്യത്തോടെയാണ് പരാതി നൽകിയത്. മാനസികമായി പീഡിപ്പിച്ചതിനാലാണ് ചോദ്യം ചെയ്യലിനിടയിൽ നിന്നും ഇറങ്ങിപ്പോയത്. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്നും, പരാതി നൽകിയതിന്റെ പേരിൽ പ്രതികാര നടപടി ഉണ്ടാകുമെന്ന ഭയമുണ്ടെന്നും അനീഷ് ബാബു
പരാതിയിൽ നിന്നും പിന്നോട്ട് പോകില്ലെന്നും, അവസാന നിമിഷം വരെ ഉറച്ചു നിൽക്കുമെന്നും അനീഷ് ബാബു വ്യക്തമാക്കി. അതിനിടെ ഇടനിലക്കാരൻ വിത്സണുമായി അനീഷ് ബാബു നടത്തിയ ഫോൺ സംഭാഷണം മനോരമ ന്യൂസിന് ലഭിച്ചു. അനീഷ് ബാബുവിന്റെ അവസ്ഥകണ്ടാണ് താൻ സഹായിക്കാൻ വരുന്നതെന്നാണ് ഫോൺകോളിൽ വിത്സൻ പറയുന്നത്