ആലുവയിൽ മൂന്നു വയസ്സുള്ള പെൺകുട്ടി കല്യാണിയെ കാണാതായ കേസിൽ അമ്മയുടെ മൊഴി വിശ്വാസത്തിലെടുത്ത് പൊലീസ്. നിലവിൽ, ആലുവ മൂഴിക്കുളം ഭാഗത്ത് മാത്രമാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്. അമ്മയും കുട്ടിയുമായി ഏഞ്ചൽ എന്ന ബസിൽ മൂഴിക്കുളം പാലം വരെ വന്നിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ, അമ്മ തിരികെ വീട്ടിലേക്ക് പോയത് ഒറ്റയ്ക്കാണ്. ഇതോടെ, തിരച്ചിൽ പ്രധാനമായും പുഴ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. എന്നാൽ തെരച്ചിലിന് പ്രതിസന്ധിയായി കനത്ത മഴയാണ് സ്ഥലത്ത് പെയ്യുന്നത്. പ്രദേശത്തെ വെളിച്ചമില്ലായ്മയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്.
മാള-ആലുവ റൂട്ടിൽ മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്തേക്ക് നടന്നെന്നാണ് അമ്മ പൊലീസിന് നൽകിയിട്ടുള്ള മൊഴി. കുട്ടിയെ ഉപേക്ഷിച്ച ശേഷം കുറുമശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി വീട്ടിലേക്ക് പോയെന്നും അവർ പറഞ്ഞു. എന്നാൽ, ഓട്ടോറിക്ഷയിൽ കയറുമ്പോൾ കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ വെളിപ്പെടുത്തിയത് നിർണായകമാണ്.
കനത്ത മഴയിലും പൊലീസ് സംഘവും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് പുഴയിലും പരിസരത്തും തിരച്ചിൽ തുടരുകയാണ്. സ്കൂബാ ടീം സ്ഥലത്തെതി. കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. അമ്മയുടെ ആദ്യ മൊഴിയിൽ ആലുവ ഭാഗത്ത് വെച്ച് കുട്ടിയെ കാണാതായെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇത് തിരുത്തി കുറുമശ്ശേരി മൂഴിക്കുളത്ത് പുഴയുടെ ഭാഗത്ത് ഉപേക്ഷിച്ചെന്ന് മൊഴി നൽകുകയായിരുന്നു.
അമ്മ നൽകിയ മൊഴി അനുസരിച്ച്, ഉച്ചയ്ക്ക് 3.30ന് മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്ന് കല്യാണിയെ വിളിച്ചതിന് ശേഷം തിരുവാങ്കുളത്തുകൂടി ആലുവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തിരുവാങ്കുളത്തുകൂടി കുട്ടിയുമായി അമ്മ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാണാതാകുമ്പോള്‍ കുട്ടി പിങ്ക് ഉടുപ്പും നീല ജീൻസുമാണ് ധരിച്ചിരുന്നത്. അമ്മയുടെ തുടർച്ചയായ മൊഴിമാറ്റങ്ങളും ബന്ധുക്കളുടെ വെളിപ്പെടുത്തലും കേസിൽ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. കുടുംബപ്രശ്നങ്ങളും നിലനിന്നിരുന്നതായി ബന്ധുക്കൾ സൂചിപ്പിച്ചു.