ആലുവയിൽ മൂന്നു വയസ്സുള്ള പെൺകുട്ടി കല്യാണിയെ കാണാതായ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. പെണ്‍കുട്ടിയെ കാണാതായിടത് തിരച്ചിലിന് സ്കൂബാ ടീം എത്തും. മൂഴിക്കുളം പാലത്തിന് താഴെ പുഴയില്‍ തിരച്ചിലിനാണ് സ്കൂബാ ടീമെത്തുന്നത്. പുഴയ്ക്ക് ആഴമുണ്ട്,ഒഴുക്കില്ലെന്ന് സ്ഥലം പരിശോധിച്ച ഡിവൈഎസ്പി പറഞ്ഞു. കാണാതാകുമ്പോള്‍ കുട്ടി പിങ്ക് ഉടുപ്പും നീല ജീൻസുമാണ് ധരിച്ചിരുന്നത്. അമ്മയുടെ തുടർച്ചയായ മൊഴിമാറ്റങ്ങളും ബന്ധുക്കളുടെ വെളിപ്പെടുത്തലും കേസിൽ ദുരൂഹത വർദ്ധിപ്പിക്കുകയാണ്.
മാള-ആലുവ റൂട്ടിൽ മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്തേക്ക് നടന്നുവെന്നാണ് അമ്മയുടെ ഒടുവിലത്തെ മൊഴി. കുട്ടിയെ പുഴയിൽ ഉപേക്ഷിച്ച ശേഷം കുറുമശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോയെന്നും അവർ പൊലീസിനോട് പറഞ്ഞു. എന്നാൽ, തന്റെ വാഹനത്തിൽ കയറുമ്പോൾ കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്ന് ഓട്ടോറിക്ഷാ ഡ്രൈവർ സ്ഥിരീകരിച്ചത് കേസിൽ നിർണായകമായി. ബന്ധുക്കൾ നൽകിയ വിവരമനുസരിച്ച്, അമ്മ വൈകുന്നേരം ഏഴുമണിയോടെ വീട്ടിലെത്തിയെങ്കിലും കുട്ടി കൂടെ ഉണ്ടായിരുന്നില്ല. കുടുംബപ്രശ്നങ്ങളും നിലനിന്നിരുന്നതായി ബന്ധുക്കൾ സൂചിപ്പിച്ചു.
അമ്മയുടെ ആദ്യ മൊഴിയിൽ ആലുവ ഭാഗത്ത് വെച്ച് കുട്ടിയെ കാണാതായെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇത് തിരുത്തി കുറുമശ്ശേരി മൂഴിക്കുളത്ത് പുഴയുടെ ഭാഗത്ത് ഉപേക്ഷിച്ചെന്ന് മൊഴി നൽകുകയായിരുന്നു. ഇതിനെത്തുടർന്ന് ആലുവ മൂഴിക്കുളം ഭാഗത്ത് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് കനത്ത മഴയെ അവഗണിച്ച് തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. അമ്മ പറയുന്ന സ്ഥലങ്ങളെല്ലാം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
അമ്മ നൽകിയ മൊഴി അനുസരിച്ച്, ഉച്ചയ്ക്ക് 3.30ന് മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്ന് കല്യാണിയെ വിളിച്ചതിന് ശേഷം തിരുവാങ്കുളത്തുകൂടി ആലുവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തിരുവാങ്കുളത്തുകൂടി കുട്ടിയുമായി അമ്മ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മൂഴിക്കുളം പാലത്തിന് താഴെ പുഴയിൽ തിരച്ചിൽ നടത്താനായി സ്കൂബാ ടീം ഉടൻ എത്തും. പുഴയ്ക്ക് ആഴമുണ്ടെങ്കിലും ഒഴുക്കില്ലെന്ന് സ്ഥലം പരിശോധിച്ച ഡിവൈഎസ്പി അറിയിച്ചു.
അതേസമയം, കുഞ്ഞുമായി അമ്മ മൂഴിക്കുളത്ത് ഏഞ്ചൽ എന്ന ബസിൽ നിന്ന് ഇറങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു. ബസിൽ നിന്ന് ഇരുവരും ഇറങ്ങി പുഴയരികിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങളും മനോരമ ന്യൂസിന് ലഭിച്ചിട്ടുണ്ട്. ആലുവ ഡിവൈഎസ്പി നൽകിയ വിവരമനുസരിച്ച്, അമ്മ കുട്ടിയുമായി പുഴയരികിൽ വരെ എത്തിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനായി പൊലീസ് കിണഞ്ഞു പരിശ്രമിക്കുകയാണ്. വിവരങ്ങൾ ലഭിക്കുന്നവർ 9744342106 എന്ന നമ്പറിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.