ആലുവയിൽ മൂന്നു വയസ്സുകാരി കല്യാണിയെ കണ്ടെത്താനുള്ള തിരച്ചിൽ മൂഴിക്കുളം പുഴയിൽ ഊർജ്ജിതമാക്കി. ആറംഗ സ്കൂബാ ടീം സ്ഥലത്തെത്തി പുഴയിൽ തിരച്ചിൽ ആരംഭിച്ചു. മൂഴിക്കുളം പാലത്തിന് താഴെയുള്ള പുഴയിൽ തിരച്ചിൽ നടത്തുകയാണ് സംഘം. പുഴയ്ക്ക് ഏകദേശം ആറ് മീറ്ററോളം ആഴമുണ്ടെന്നും അടിയിൽ തടികൾ അടിഞ്ഞുകിടക്കുന്നുണ്ടെന്നും മത്സ്യത്തൊഴിലാളികൾ അറിയിച്ചു. നേരത്തെ സ്ഥലത്തെത്തിയ ഡിവൈഎസ്പി പുഴയ്ക്ക് ആഴമുണ്ടെങ്കിലും ഒഴുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുഴ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. കനത്ത മഴയെ അവഗണിച്ചും പൊലീസ്, അഗ്നിരക്ഷാസേന, നാട്ടുകാർ എന്നിവരും തിരച്ചിൽ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്നുണ്ട്. കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മാള-ആലുവ റൂട്ടിൽ മൂഴിക്കുളത്ത് ബസിറങ്ങിയ ശേഷം പുഴയുടെ ഭാഗത്തേക്ക് നടന്നെന്നാണ് അമ്മ പൊലീസിന് നൽകിയിട്ടുള്ള മൊഴി. കുട്ടിയെ ഉപേക്ഷിച്ച ശേഷം കുറുമശ്ശേരിയിൽ നിന്ന് ഓട്ടോറിക്ഷയിൽ കയറി വീട്ടിലേക്ക് പോയെന്നും അവർ പറഞ്ഞു. എന്നാൽ, ഓട്ടോറിക്ഷയിൽ കയറുമ്പോൾ കുട്ടി കൂടെ ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവർ വെളിപ്പെടുത്തിയത് നിർണായകമാണ്. അമ്മയുടെ ആദ്യ മൊഴിയിൽ ആലുവ ഭാഗത്ത് വെച്ച് കുട്ടിയെ കാണാതായെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ഇത് തിരുത്തി കുറുമശ്ശേരി മൂഴിക്കുളത്ത് പുഴയുടെ ഭാഗത്ത് ഉപേക്ഷിച്ചെന്ന് മൊഴി നൽകുകയായിരുന്നു.
അമ്മ നൽകിയ മൊഴി അനുസരിച്ച്, ഉച്ചയ്ക്ക് 3.30ന് മറ്റക്കുഴിയിലെ അങ്കണവാടിയിൽ നിന്ന് കല്യാണിയെ വിളിച്ചതിന് ശേഷം തിരുവാങ്കുളത്തുകൂടി ആലുവയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തിരുവാങ്കുളത്തുകൂടി കുട്ടിയുമായി അമ്മ പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാണാതാകുമ്പോള്‍ കുട്ടി പിങ്ക് ഉടുപ്പും നീല ജീൻസുമാണ് ധരിച്ചിരുന്നത്. അമ്മയുടെ തുടർച്ചയായ മൊഴിമാറ്റങ്ങളും ബന്ധുക്കളുടെ വെളിപ്പെടുത്തലും കേസിൽ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. കുടുംബപ്രശ്നങ്ങളും നിലനിന്നിരുന്നതായി ബന്ധുക്കൾ സൂചിപ്പിച്ചു.