aluva-kalyani-death-2009

ആലുവയിൽ നിന്ന് കാണാതായ മൂന്നുവയസ്സുകാരി കല്യാണിയുടെ ജീവനറ്റ ശരീരം കണ്ടെത്തി. എട്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൂഴിക്കുളം പാലത്തിനടിയിലെ പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയുടെ നടുവിലെ തൂണിനടുത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് ആലുവയിലെ സ്കൂബാ ടീം അറിയിച്ചു. വെള്ളത്തിൽ തടികൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. അമ്മ കുഞ്ഞിനെ എറിഞ്ഞെന്ന് പറഞ്ഞ സ്ഥലത്ത് തന്നെയെത്തി മൃതദേഹം കണ്ടെത്താനായെന്ന് ഡിവൈഎസ്പി സ്ഥിരീകരിച്ചു. പുഴയിൽ നാലര മണിക്കൂറോളമാണ് തിരച്ചിൽ സംഘം പരിശ്രമം നടത്തിയത്.

തുടർന്ന് കല്യാണിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ മൂഴിക്കുളം പാലത്തിൽ നിന്ന് ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അമ്മ പുഴയിലേക്ക് എറിഞ്ഞത്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള അമ്മയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ബന്ധുക്കളോടും പൊലീസിനോടും യുവതി കുറ്റം സമ്മതിച്ചിരുന്നു.

ഇന്നലെ വൈകിട്ട് നാലോടെയാണ് കുട്ടിയെ കാണാതായത്. ആലുവയിൽ വെച്ചാണ് കുട്ടിയെ കാണാതായത്. തിരുവാണിയൂർ പഞ്ചായത്തിലെ മറ്റക്കുഴിയിലെ അംഗനവാടിയിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ടു വരുന്നതിനിടയിൽ ബസ്സിൽ വെച്ചാണ് കുട്ടിയെ കാണാതായി എന്നാണ് അമ്മ ആദ്യം നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ആലുവയിൽ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇതിന് പിന്നാലെയാണ് മൂഴിക്കുളം പാലത്തിന് താഴേക്കിട്ടെന്ന് കുട്ടിയുടെ അമ്മ മൊഴി നൽകിയത്.

അമ്മ കുട്ടിയുമായി മൂഴിക്കുളം പാലത്തിന് സമീപം എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. മൂഴിക്കുളം പാലത്തിന്റെ പരിസരത്ത് അമ്മ കുട്ടിയുമായി ബസ് ഇറങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.  അമ്മയുടെ തുടർച്ചയായ മൊഴിമാറ്റങ്ങളും ബന്ധുക്കളുടെ വെളിപ്പെടുത്തലും കേസിൽ ദുരൂഹത വർദ്ധിപ്പിക്കുകയാണ്. കുടുംബപ്രശ്നങ്ങളും നിലനിന്നിരുന്നതായി ബന്ധുക്കൾ സൂചിപ്പിച്ചു.

ENGLISH SUMMARY:

The body of 3-year-old Kalyani, who went missing in Aluva yesterday evening, was found under the Moozhikkulam bridge in the river. Her mother has confessed to throwing the child into the river. Family members indicated she was facing mental health issues. The body was recovered after intense efforts by two scuba teams, despite heavy rain and poor visibility.