തിരുവനന്തപുരം വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ അഡ്വക്കേറ്റ് ബെയിലിൻ ദാസിന് ജാമ്യം. റിമാൻഡിലായി നാലാം ദിവസം ആണ് ബെയിലിന് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയ നടപടിയോട് തൽക്കാലം പ്രതികരിക്കുന്നില്ലെന്ന് മർദ്ദനമേറ്റ ശ്യാമിലി പറഞ്ഞു.
വഞ്ചിയൂരിലെ സ്വന്തം ചേമ്പറിൽ വച്ച് അഡ്വക്കേറ്റ് ബെയിലിൻ ദാസ് യുവ അഭിഭാഷകയായ ശ്യാമിലിയെ ക്രൂരമായി മർദ്ദിക്കുന്നത് കഴിഞ്ഞ ചൊവ്വാഴ്ചയാണ്. ഒളിവിൽ പോയ ബെയിലിനെ വ്യാഴാഴ്ച പൊലീസ് പിടികൂടി. കർശന ഉപാധികളോടെയാണ് ബെയിലിന് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. ബെയിലിൻ്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി പ്രതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ സ്വന്തം ഓഫീസിലെ തന്നെ ജീവനക്കാരായ സാക്ഷികളെ ബെയിലിന് സ്വാധീനിക്കാൻ കഴിയുമെന്നും പ്രോസിക്യൂഷൻ ചൂണ്ടികാണിച്ചിരുന്നു.
എന്നാൽ, തർക്കത്തിനിടെ തനിക്കും മർദ്ദനമേെറ്റന്നു കോടതിയെ അറിയിച്ച ബെയിലിൽ ശ്യാമിലിയെ മർദ്ദിച്ചത് മന:പൂർവ്വമല്ലെന്ന നിലപാടാണ് എടുത്തത്. ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ച് എന്ന കുറ്റം നിലനിൽക്കില്ലെന്നും ബെയിലിൻ വാദിച്ചിരുന്നു. കടുത്ത വകുപ്പുകൾ ചുമത്താത്തതിൻ്റെ പശ്ചാത്തലത്തിലാണ് കോടതി ജാമ്യം അനുവദിച്ചത് എന്നാണ് സൂചന. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ പിന്തുണ നേടിയപ്പോൾ തന്നെ താൻ വിജയിച്ചു എന്ന് നേരത്തെ പ്രതികരിച്ച ശ്യാമിലി, ജാമ്യം നൽകിയ നടപടിയോട് പരസ്യമായി പ്രതികരിക്കാൻ തയ്യാറായില്ല.