thiruvananthapuram-mall-clash-police-dyfi-fight-kerala

തിരുവനന്തപുരം നഗരത്തിലെ ഷോപ്പിങ് മാളിൽ പൊലീസുകാരനെ ആക്രമിച്ച കേസിലെ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകിട്ട് അറസ്റ്റിലായ ഇവരെ രാത്രിയോടെ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കുകയായിരുന്നു.

സംഭവത്തില്‍ മർദനമേറ്റ പൊലീസുകാരന്‍ മിഥുൻ റോയിക്കെതിരെ പരാതിനൽകിയ ആളാണ് ജാമ്യം ലഭിച്ചവരിലെ വിനയ് പ്രകാശ്. വിനയ്‌യിന്‍റെ പരാതിയില്‍ മിഥുനും കൂടെയുണ്ടായിരുന്ന യുവതിക്കുമെതിരെ ആയുധംകൊണ്ട് ആക്രമിച്ചുവെന്ന ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതേസമയം, എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്തെങ്കിലും എസ്.എഫ്.ഐക്കാരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിരുന്നില്ല എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇന്നലെ വൈകിട്ട് വിനയ് പ്രകാശ്, സുർജിത് എന്നിവരെ അറസ്റ്റ് ചെയ്തത്.

സംഭവം വിവാദമായതിന് പിന്നാലെ മിഥുനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതില്‍ തിരുവനന്തപുരം കമ്മിഷണര്‍ എസിപിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ജാമ്യമില്ലാക്കുറ്റം ചുമത്തിയതിന്‍റെ കാരണം വ്യക്തമാക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിഷേധം വ്യാപകമായതോടെയായിരുന്നു നടപടി. പൊലീസിനെ അനാവശ്യമായി ഉപദ്രവിച്ചാല്‍ നടപടിയെന്നും പൊലീസുകാര്‍ക്ക് സുരക്ഷയൊരുക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കുകയും ചെയ്തു.

പുതുവത്സര രാത്രിയിൽ ശങ്കുമുഖത്ത് സമയപരിധി കഴിഞ്ഞ് ഡിജെ പാർട്ടി നടത്തിയതിന് പൊലീസുകാരനായ മിഥുൻ എസ്എഫ്ഐ പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാണ് എസ്എഫ്ഐ പ്രവർത്തകർ മാളിൽ തീർത്തത്. ഇടി വള ഉപയോഗിച്ച് പൊലീസുകാരൻ തങ്ങളെ തിരിച്ച് ആക്രമിച്ചെന്നാണ് എസ്എഫ്ഐക്കാരുടെ പരാതി. മിഥുന്റെ പരാതിയിൽ എസ്എഫ്ഐക്കാരായ നാലുപേർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നത്. 

ENGLISH SUMMARY:

The Thiruvananthapuram Magistrate Court has granted bail to SFI activists Vinay Prakash and Surjith, who were arrested for allegedly assaulting CPO Mithun Roy at a city mall. The activists were produced before the magistrate late at night following their arrest on Sunday evening. This case has drawn massive flak as the police initially filed a non-bailable case against the victimized officer while charging the SFI members with bailable offenses. City Police Commissioner has already sought a report from the ACP regarding the controversial decision to charge the officer with grave sections. The assault is linked to a retaliatory motive following a New Year's Eve clash at Shankhumukham between the police and SFI cadres. The SFI claims they acted in self-defense against the officer's 'idi vala' attack. Stay updated on the internal police inquiry and the legal proceedings in this high-profile political-police clash.