പത്താം ക്ലാസില്‍ ഇനി റോബോട്ടിക്സും പാഠ്യ വിഷയം. പത്താം ക്ലാസിലെ ഐ.ടി പാഠ പുസ്തകത്തിലാണ് റോബോട്ടിക്സ് അധ്യായം ഉള്‍പ്പെടുത്തിയത്. തിയറി മാത്രമല്ല, റോബോട്ടുകളെ ഉണ്ടാക്കാനുള്ള പ്രായോഗിക പരിശീലനവും പഠനത്തിന്‍റെ ഭാഗമാണ്. നമ്മുടെ കുട്ടികള്‍ ഇനി റോബോട്ടുകളെയും ഉണ്ടാക്കും.
ഇതുപോലെ റോബോട്ടുകളെ നിര്‍മിക്കുന്ന പരീക്ഷണ ശാലകളായി മാറുകയാണ് കേരളത്തിലെ വിദ്യാലയങ്ങള്‍. കഴിഞ്ഞവര്‍ഷം 7ആം ക്ലാസിലെ ഐ.ടി പാഠ പുസ്തകത്തില്‍ നിര്‍മിത ബുദ്ധി പ്രത്യേക അധ്യായമാക്കി. ഇതിന്‍റെ തുടര്‍ച്ചയായി ഇത്തവണ 8,9,10 ക്ലാസുകളില പാഠ പുസ്തകങ്ങളിലും നിര്‍മിത ബുദ്ധി പാഠ്യവിഷയമാക്കി. ഇതിനൊപ്പമാണ് പത്താം ക്ലാസിലെ ഐ.ടി പാഠ പുസ്തകത്തില്‍ റോബോട്ടിക്സ് പ്രത്യേക അധ്യായമായി പഠിപ്പിക്കുക. റോബോട്ടിക്സിന്‍റെ അടിസ്ഥാന തത്വങ്ങളെ കുറിച്ചുള്ള തിയറിക്കൊപ്പം റോബോട്ടുകളെ ഉണ്ടാക്കാനുള്ള പരിശീലനവും നല്‍കും. അതിനായി 29000 കിറ്റുകള്‍, എയ്ഡഡ് സ്കൂളുകള്‍ക്ക് സൗജന്യമായി സര്‍ക്കാര്‍ നല്‍കി.
കൈറ്റിന്‍റെ നേതൃത്വത്തില്‍ നാലായിരത്തോളം അധ്യാപകര്‍ക്ക് റോബോട്ടിക്സില്‍ പരിശീലനം നല്‍കി. ബാക്കി അധ്യാപകരുടെ പരിശീലനം ഉടന്‍ പൂര്‍ത്തിയാകും. പരിശീലനം ലഭിച്ച അറുപതിനായിരത്തോളം കൈറ്റ് മാസ്റ്റര്‍മാരായ കുട്ടികളുമുണ്ട്. അവരെയും പരിശീലനങ്ങളില്‍ പ്രയോജനപ്പെടുത്താം.
അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് പരിശീലന കിറ്റുകള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങാം. ഒരു കിറ്റിന് 700 രൂപ മാത്രമാണ് വില. അങ്ങനെ നിര്‍മിത ബുദ്ധിക്കൊപ്പം റോബോട്ടുകളുമായിട്ടായിരിക്കും ഇനി നമ്മുടെ കുട്ടികളുടെ കളി.