ഭർത്താവിനൊപ്പം സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ, ട്രെയിലർ ലോറിയിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേനിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിൽ, അരൂർ ക്ഷേത്രം ജംങഷനിലായിരുന്നു വാഹനാപകടം. അരൂർ തച്ചാറ വീട്ടിൽ ജോമോന്‍റെ ഭാര്യ എസ്തേർ (27) ആണ് മരിച്ചത്.
ഇരുവരും വിവാഹിതരായിട്ട് ആറുമാസമേ ആയിട്ടുള്ളു. എറണാകുളം ഭാഗത്ത് നിന്നെത്തിയ ട്രെയിലർ ലോറിലിടിച്ച ശേഷം, ദമ്പതികൾ ലോറിക്കടിയിലേക്ക് വീണ് പോവുകയായിരുന്നു. അരൂർ ക്ഷേത്രം ജംഗ്ഷനിൽ നിന്ന് അരുക്കുറ്റി റോഡിലേക്ക് തിരിയുന്നതിനിടെയാണ് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ലോറിക്കടിയിൽപ്പെട്ടത്.
ഇടിയിൽ സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ എസ്തറിന്‍റെ തലയിലൂടെ അതേ ലോറി തന്നെ കയറിയിറങ്ങുകയായിരുന്നു. എസ്തർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭർത്താവ് ജോമോൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. യുവദമ്പതികൾ ചന്തിരൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.