എവറസ്റ്റ് ബേസ് ക്യാംപ് കീഴടക്കി കേരളത്തിന്റെ ചുണക്കുട്ടികൾ. കൊച്ചി ഗ്ലോബൽ പബ്ലിക് സ്കൂളിലെ 14 വിദ്യാർഥികളാണ് അതിസാഹസിക ദൗത്യം പൂർത്തീകരിച്ചത്. നാട്ടിൽ തിരിച്ചെത്തിയ കുട്ടികൾക്ക് ഗംഭീര സ്വീകരണമാണ് സ്കൂൾ അധികൃതരും മാതാപിതാക്കളും ഒരുക്കിയത്.
ഈ മാസം രണ്ടിനാണ് യാത്ര തുടങ്ങിയത്. അതിനുമുൻപായി രണ്ടുമാസത്തെ കഠിന പരിശ്രമം. 14 അംഗ സംഘത്തിൽ 9 ആൺകുട്ടികളും അഞ്ച് പെൺകുട്ടികളും. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള മിടുക്കന്മാരും മിടുക്കികളുമാണ്. സംഘത്തെ നയിച്ചത് സ്കൂളിലെ റീന ടീച്ചറും.
വെല്ലുവിളികൾ ഏറെ നിറഞ്ഞ ട്രെക്കിങ്ങിന് ഒടുവിൽ, കഴിഞ്ഞ ചൊവ്വാഴ്ച സമുദ്രനിരപ്പിൽ നിന്ന് 5,364 മീറ്റർ ഉയരത്തിലെത്തി. കേരളത്തിൽ നിന്നുള്ള ഒരു സ്കൂൾ സംഘം എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്ക് പൂർത്തിയാക്കിയത് ഇതാദ്യമായാണ്.