മാലമോഷ്ടിച്ചെന്ന കളളപരാതിയില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂര്‍ അനധികൃത കസ്റ്റഡിയില്‍വച്ച പേരൂര്‍ക്കട പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകള്‍. മോഷണം നടന്നു എന്നുറപ്പാക്കാതെയും മോഷണം നടന്ന സ്ഥലം പരിശോധിക്കുക പോലും ചെയ്യാതെയും പ്രതിയെ തീരുമാനിച്ചത് ഒന്നാമത്തെ നിയമലംഘനം. സ്ത്രീകളെ രാത്രിയില്‍ കസ്റ്റഡിയില്‍ വയ്ക്കരുതെന്ന ചട്ടം ലംഘിച്ച പൊലീസ് ഭക്ഷണം പോലും നിഷേധിച്ചത് ക്രൂരമായ മനുഷ്യാവകാശലംഘനം കൂടിയാണ്.
പേരൂര്‍ക്കട പൊലീസിന്‍റെ ക്രൂരതകള്‍ക്കിരയായ ആ രാത്രിയേക്കുറിച്ചുളള നടുക്കം ബിന്ദുവിനെ വിട്ടൊഴിഞ്ഞിട്ടില്ല. ഞാന്‍ കാലുപിടിച്ച് കരഞ്ഞു. പക്ഷേ അവര്‍ ഞാനവിടെ എത്തുമുമ്പേ പ്രതിയെ തീരുമാനിച്ചിരുന്നെന്ന് ബിന്ദു പറഞ്ഞു.
ഒന്നാം വീഴ്ച: മോഷണം നടന്നു എന്നുറപ്പാക്കാതെ പ്രതിയെ തീരുമാനിച്ചു. മോഷണം നടന്നു എന്ന് പറയപ്പെട്ട വീടോ സ്ഥലമോ പൊലീസ് പരിശോധിച്ചില്ല.
രണ്ടാം വീഴ്ച: സ്ത്രീകളെ രാത്രിയില്‍ സ്റ്റേഷനില്‍ പാര്‍പ്പിക്കരുതെന്നാണ് പൊലീസ് ചട്ടം. രാത്രിയില്‍ അറസ്റ്റ് രേഖപ്പെടുത്തണമെങ്കില്‍ പോലും മജിസ്ട്രേറ്റിന്‍റെ അനുമതി വേണം. അങ്ങനെ നിയമമുളളപ്പോഴാണ് കസ്റ്റഡിപോലും രേഖപ്പെടുത്താതെ ബിന്ദുവിനെ സ്റ്റേഷനില്‍ നിര്‍ത്തിയത്. ഉറങ്ങാന്‍ സമ്മതിച്ചില്ല പുലര്‍ച്ചെ മൂന്നര വരെയാണ് പൊലീസ് ചോദ്യം ചെയ്തതെന്ന് ബിന്ദു പറഞ്ഞു.
മൂന്നാം വീഴ്ച: കസ്റ്റഡിയിലെടുത്ത വിവരം കസ്റ്റഡിയിലെടുക്കപ്പെട്ടയാള്‍ ആവശ്യപ്പെടുന്ന ബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കണമെന്നാണ് ചട്ടം. രാത്രിയായിട്ടും മാനുഷിക പരിഗണനയുടെ പേരില്‍പോലും വീട്ടുകാരെ അറിയിച്ചില്ല. വീട്ടിലേയ്ക്ക് ഒരു ഫോണ്‍ ചെയ്യാന്‍ കാലുപിടിച്ച് അപേക്ഷിച്ചിട്ടും കേട്ടില്ലെന്ന് ബിന്ദു.
നാലാം വീഴ്ച: മോഷണ മുതല്‍ ഉണ്ടെന്ന് ഉറപ്പോ മൊഴിയോ കിട്ടാതെ രാത്രി 9 മണിക്ക് ബിന്ദുവിനേയും കൂട്ടി വീട്ടില്‍ തെളിവെടുപ്പിന് പോകാന്‍ പൊലീസിന്‍റെ അമിതാവേശം. അതും രണ്ട്പെണ്‍മക്കള്‍ അമ്മ എവിടെയുണ്ടെന്നറിയാതെ ആകുലപ്പെട്ടിരുന്ന വീട്ടിലേയ്ക്ക്.
അഞ്ചാം വീഴ്ച: കൊടിയ കുറ്റവാളികള്‍ക്ക് പോലും ഭക്ഷണം വാങ്ങി നല്‍കും. എന്നിട്ടും ബിന്ദുവിനെ 20 മണിക്കൂര്‍ പട്ടിണിക്കിട്ടു. ഒരുതുള്ളി വെള്ളം പോലും കിട്ടിയിലെന്ന് ബിന്ദു.
അതേസമയം, മാലമോഷ്ടിച്ചെന്ന കളളപരാതിയില്‍ വീട്ടുജോലിക്കാരിയായ ദലിത് സ്ത്രീയെ 20 മണിക്കൂര്‍ അനധികൃത കസ്റ്റഡിയില്‍വച്ച സംഭവത്തില്‍ ഒടുവില്‍ അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്.പീഡനം നടന്നതിന്‍റെ ഇരുപത്തിയഞ്ചാം ദിവസമാണ് അന്വേഷണം പ്രഖ്യാപിച്ചത്.തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് എ.സി.പിയും സ്പെഷല്‍ ബ്രാഞ്ചും അന്വേഷിക്കുമെന്ന് പൊലീസ്.മനോരമ ന്യൂസിലൂടെയുള്ള ബിന്ദുവിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് അന്വേഷണം.ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ജോലിയില്‍ തുടരുകയാണ്.