തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ അഭിഭാഷകൻ ബെയിലിന്‍ ദാസ്. തനിക്കെതിരെ പ്രവർത്തിച്ചവരെ ഉൾപ്പെടെ പുറത്ത് കൊണ്ടുവരും. ജൂനിയർ അഭിഭാഷക ഉന്നയിച്ച ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നു. എല്ലാം താൻ ഉചിതമായ സമയത്ത് പറയുമെന്നും ബെയിലിന്‍ ദാസ് പറഞ്ഞു. ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികരണം.
കോടതി നില്‍ക്കുന്ന വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് രണ്ടുമാസത്തേക്ക് പ്രവേശിക്കാന്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, ജാമ്യം നല്‍കിയ നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് മര്‍ദ്ദനമേറ്റ ശ്യാമിലി പറഞ്ഞു.
വഞ്ചിയൂരിലെ സ്വന്തം ചേമ്പറില്‍ വച്ച് ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായി നാലാംദിവസമാണ് ബെയിലിന്‍ ദാസിന് ജാമ്യം ലഭിക്കുന്നത്. ഇരയെയോ സാക്ഷികളെയോ ബന്ധപ്പെടാന്‍ പാടില്ലെന്ന പതിവ് വ്യവസ്ഥയ്ക്ക് പുറമേ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടുമാസത്തേക്കോ കേസിലെ കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെയോ ബെയിലിന്‍ പ്രവേശിക്കാന്‍ പാടില്ലെന്ന കര്‍ശന വ്യവസ്ഥ ജാമ്യ ഉത്തരവിലുണ്ട്. ഇതുപ്രകാരം ബെയിലിന്‍ വഞ്ചിയൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യാനോ ഓഫീസിലെത്താനോ കഴിയില്ല. അതിനാല്‍ ഈ വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടാന്‍ പ്രത്യേക അപേക്ഷ സമപ്പിക്കുമെന്ന് ബെയിലിന്റെ അഭിഭാഷകന്‍ പറഞ്ഞു.
കേസ് അന്വേഷണ പ്രാഥമിക ഘടത്തിലായതിനാലും സ്വന്തം ഓഫീസിലുള്ള ജീവനക്കാര്‍ തന്നെയാണ് കേസിലെ സാക്ഷികള്‍ എന്നതിനാലും ബെയിലിന് ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാനവാദം. എന്നാല്‍, ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്നും അതിനാല്‍ തനിക്കെതിരെ ചുമത്തിയിട്ടുള്ള സ്ത്രീത്വത്തെ അപമാനിച്ചെന്ന ജാമ്യമില്ലാ കുറ്റം നിലനില്‍ക്കില്ലെന്നുമായിരുന്നു ബെയിലിന്റെ വാദം. മാധ്യമങ്ങളിലൂടെ പൊതുസമൂഹത്തിന്റെ പിന്തുണ നേടിയപ്പോള്‍ തന്നെ വിജയിച്ചുവെന്ന് നേരത്തെ പ്രതികരിച്ച ശ്യാമിലി, ജാമ്യം നല്‍കിയ നടപടിയില്‍ പരസ്യപ്രതികരണത്തിന് തയാറായില്ല.