പരാതിക്കാരന്‍ അനീഷ്

പരാതിക്കാരന്‍ അനീഷ്

ഇ.ഡി ഉദ്യോഗസ്ഥൻ പ്രതിയായ അഴിമതിക്കേസിൽ, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരൻ അനീഷ് ബാബു. ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന് അനീഷ് ബാബു പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥർ ഓഫീസിൽ വിളിച്ചു വരുത്തി തന്നെ മാനസീകമായി പീഡിപ്പിച്ചതിനുപുറമെ അസഭ്യവർഷം നടത്തിയെന്നും അനീഷ് വെളിപ്പെടുത്തി.

അടച്ചിട്ട മുറിയിൽ വച്ച് കേസിന്റെ കാര്യം നിരത്തി നിരന്തര ഭീഷണിയാണ് ഇ.ഡി ഉദ്യോഗസ്ഥരിൽ നിന്ന് നേരിട്ടത്. ഭീഷണിക്ക് പുറമെ മറ്റ് ഏതെങ്കിലും വഴിയിൽ കേസ് സെറ്റിൽ ചെയ്യണമെന്ന് ഇഡി ഉദ്യോഗസ്ഥർ പലതവണ ആവശ്യപ്പെട്ടു.  ഉദ്യോഗസ്ഥര്‍ മാനസീകമായി പീഡിപ്പിച്ചു. ഭീഷണി തുടരുന്നതിനിടെയാണ് കൈക്കൂലിപ്പണം കൈമാറിയത്.

വിൽസൺ എന്നയാളാണ് ഇടനില നിന്ന് ഇടപാട് നടത്തിയത്. പലവട്ടം ഇയാൾ വിളിച്ചു. നേരിൽ കണ്ടു. ഇ.ഡി. ഓഫീസിൽ നടന്ന കാര്യങ്ങൾ എല്ലാം ഇടനിലക്കാരൻ തന്നോട് പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥരുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്.

ഇടനിലക്കാരനുമായി സംസാരിച്ച നമ്പറിലേയ്ക്കാണ് ഇ.ഡി ഉദ്യോഗസ്ഥർ തന്നെ വിളിക്കുന്നത്. ഈ നമ്പർ താൻ ഇ.ഡി. ഓഫീസിൽ നൽകിയിട്ടില്ല. എല്ലാ തെളിവുകളും വിജിലൻസിന് കൈമാറിയിട്ടുണ്ടെന്നും അനീഷ് പറഞ്ഞു. കേസിൽ ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് എസ് പി എസ്.ശശിധരൻ പറഞ്ഞു. കേസിൽ ഇഡിയെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ഇ.ഡി. ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിച്ചുവരികയാണെന്നും  എസ് പി പറഞ്ഞു.

ENGLISH SUMMARY:

In a shocking twist to a corruption case, complainant Aneesh Babu reveals he was locked in a room and mentally harassed by ED officials Vigilance investigation underway.