തിരുവനന്തപുരം മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 84 എംബിബിഎസ് വിദ്യാർഥിനികൾ ചികിൽസ തേടി. ഭക്ഷ്യ വിഷബാധ യുണ്ടായത് വ്യാഴാഴ്ച നല്‍കിയ ബട്ടർ ചിക്കനിൽ നിന്നെന്നാണ് സംശയം.പരീക്ഷാക്കാലത്തുണ്ടായ ഭക്ഷ്യവിഷബാധ ആശങ്കയുണ്ടാക്കുന്നുവെന്നും അന്വേഷണം വേണമെന്നും കോളജ് യൂണിയൻ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച അത്താഴത്തിന് ലേഡീസ് ഹോസ്റ്റലിൽ വിളമ്പിയത് ബട്ടർ ചിക്കനും ഫ്രൈഡ് റൈസും. രാത്രി മുതൽ വിദ്യാർഥിനികൾക്ക് ഛർദിയും വയറിളക്കവും ഉണ്ടായി. നിരവധി പേർ മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടി. ഇന്നലെയും ഇന്നും വിദ്യാർഥികൾക്ക് ശർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു.
ഔദ്യോഗിക കണക്കനുസരിച്ച് 84 പേരാണ് ചികിത്സ തേടിയത്. വിദ്യാർഥിനികളിൽ ഒരു വിഭാഗം വീട്ടിലേയ്ക്ക് മടങ്ങി. പരീക്ഷക്കാലത്തുണ്ടായ ഭക്ഷ്യവിഷബാധ വിശദമായി പരിശോധിക്കണമെന്ന് വിദ്യാർഥി യൂണിയൻ ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷാ വിഭാഗം ഭക്ഷണത്തിന്റേയും വെള്ളത്തിന്റെയും സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.